രാജനെ കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയ വസന്തക്ക് ആ ഭൂമിയുടെ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്

single-img
31 December 2020

നെയ്യാറ്റിൻകരയിൽ രാജന്‍-അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഈ കുടുംബത്തെ ഒഴിപ്പിക്കാൻ പരാതി നൽകിയ അയൽവാസി വസന്തയ്‌ക്ക് ഈ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മരിച്ച രാജൻ 2 മാസം മുൻപേ ഈ വിവരാവകാശ രേഖ നേടിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

സാധാരണയായി സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കുമ്പോള്‍ പരമാവധി 2, 3, 4 സെന്റുകള്‍ മാത്രമാണ് നല്‍കുന്നത്. ഇവ നിശ്ചിത വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്‌. 12 സെന്റ് ഭൂമി ഒരാൾക്കു മാത്രമായി പതിച്ചു നൽകാൻ സാധ്യതയില്ലെന്നു നിയമവിദഗ്‌ധർ അറിയിച്ചു. പട്ടയം കിട്ടിയവരിൽ നിന്നു വിലയ്‌ക്കു വാങ്ങാൻ സാധ്യതയുണ്ട്. പക്ഷേ രേഖകൾ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.

അതിയന്നൂർ വില്ലേജിൽ (ബ്ലോക്ക്‌ നമ്പർ 21) 852/16, 852/17, 852/18 എന്നീ റീസർവേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാൽ ഈ ഭൂമി എസ്‌.സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. ഈ രേഖ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാൽ, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നിൽ എത്താതിരുന്നത് എന്നതാണ് ദുരൂഹം.

ഇതേ ഭൂമിയില്‍ അവകാശം സ്ഥാപിച്ചുകൊണ്ട് വസന്തയുടെ കൈവശമുള്ള പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ കലക്ടർ നവ്ജ്യോത് ഖോസ തഹസിൽദാർക്കു നിർദേശം നൽകിയട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സർക്കാർ കോടതിയെ അറിയിക്കും. രാജന്റെ വസതിയിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം അന്വേഷിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

അതേ സമയം രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. ഈ ഭൂമിയില്‍ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച്‌ റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ഇന്നലെ പകല്‍ മുഴുവന്‍ മാതാപിതാക്കളുടെ കുഴിമാടത്തിനരികെ ആയിരുന്നു. കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് കലക്ടര്‍ ഉടന്‍ സര്‍ക്കാരിനു നല്‍കും.