ഞങ്ങളുടെ വോട്ടര്‍മാർ അവധി ആഘോഷിക്കാൻ പോയി; ഹരിയാനയിൽ പരാജയ കാരണം വിശദീകരിച്ച് ബിജെപി

single-img
31 December 2020

ഹരിയാനയിൽ നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് വിചിത്രമായ കാരണം വിശദീകരിച്ച് ബിജെപി. തെരഞ്ഞെടുപ്പ് നടന്ന ദിവസം അവധിദിനമായതിനാലാണ് തങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നതെന്ന് സംസ്ഥാന ബിജെപി വക്താവ് സഞ്ജയ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

‘ഡിസംബറിലെ 25,26,27 ഇതെല്ലാം അവധി ദിനങ്ങളാണ്. മാത്രമല്ല, വര്‍ഷാവസാനമാണ് ഡിസംബര്‍. സാധാരണക്കാരായ ജനങ്ങള്‍ സാധാരണ കുടുംബത്തോടെ യാത്ര പോകുന്ന മാസം കൂടിയാണിത്. നിര്‍ഭാഗ്യവശാല്‍ അവധിയാഘോഷിക്കാന്‍ ഞങ്ങളുടെ വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരും പോയതാണ് പാര്‍ട്ടിയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയത്’, സഞ്ജയ് ശര്‍മ്മ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, കര്‍ഷക സമരം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് ഹരിയാനയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ സംസ്ഥാന ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യത്തിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ആറിടത്ത് മത്സരിച്ച സഖ്യം നാലിടത്തും കനത്ത പരാജയമേറ്റുവാങ്ങി.