കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാർ: നിയമസഭയുടെ പ്രമേയത്തിന്റെ പൂർണരൂപം

single-img
31 December 2020

കര്‍ഷകരുടെ വിലപേശല്‍ ശേഷി കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്ക് മുന്നില്‍ ദുര്‍ബലമാക്കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്‍ഷിക നിയമപരിഷ്‌കരണങ്ങള്‍ക്കെതിരെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ ഇല്ലായെന്ന് മാത്രമല്ല, കോര്‍പറേറ്റുകള്‍ക്കെതിരെ നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കേണ്ട്. അതിന് പകരം കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും പ്രമേയം പറയുന്നു.

പ്രമേയത്തിന്റെ പൂർണരൂപം

രാജ്യതലസ്ഥാനം കര്‍ഷകരുടെ ഐതിഹാസിക പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. കോര്‍പറേറ്റ് അനുകൂല കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷക രോഷം ഇരമ്പുന്നത്. ഡല്‍ഹിയിലെ അതിശൈത്യത്തെ കര്‍ഷകര്‍ നേരിടുന്നു. 32 കര്‍ഷകര്‍ക്ക് ഇതിനോടകം തന്നെ ജീവന്‍ നഷ്ടപ്പെട്ടു. ചില നിയമനിര്‍മാണങ്ങള്‍ അത് ബാധിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സംശയവും ആശങ്കയും വര്‍ധിപ്പിക്കുമ്പോള്‍ നിയമനിര്‍മാണ സഭകള്‍ക്ക് അത് ഗൗരവമായി പരിഗണിക്കാന്‍ ബാധ്യതയുണ്ട്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ 43.3 ശതമാനം കാര്‍ഷിക മേഖലയിലാണ് വിനിയോഗിക്കുന്നത്. കൃഷി ഉല്‍പാദന മേഖല മാത്രമല്ല സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. പരിഷ്‌കാരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിഭാവനം ചെയ്യണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കാര്‍ഷിക പ്രശ്‌നങ്ങള്‍ കേരളം പരിഹരിക്കുന്നു. ഹരിത വിപ്ലവത്തിന് ശേഷവും താങ്ങുവില ചുരുക്കം ചില വിളകള്‍ക്ക് മാത്രം. കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണം.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ സാമൂഹിക പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ താങ്ങുവില പ്രഖ്യാപിച്ച് കാര്‍ഷിക വൃത്തി ലാഭകരമായി നടത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വലിയ പ്രത്യാഘ്യാതമുണ്ടാക്കുന്ന നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പാസാക്കിയ നിയമങ്ങള്‍ മൂലം ഭക്ഷ്യ ധാന്യങ്ങള്‍ നിലവില്‍ ലഭിക്കുന്ന താങ്ങുവില പോലും നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് കര്‍ഷകരെ അലട്ടുന്നത്.

കര്‍ഷകരുടെ വിലപേശല്‍ ശേഷി മിക്കപ്പോഴും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്ക് മുന്നില്‍ വളരെ ദുര്‍ബലമാകും എന്നതാണ് ഇതിലുയരുന്ന വളരെ ഗൗരവതരമായ പ്രശ്‌നം. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ ഇല്ലായെന്ന് മാത്രമല്ല, കോര്‍പറേറ്റുകള്‍ക്കെതിരെ നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കേണ്ട്. അതിന് പകരം കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുപോകുകയും ചെയ്യുന്നു.

ഈ സമരത്തിന്റെ പ്രധാന കാരണം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള വിലത്തകര്‍ച്ചയാണെന്ന് വ്യക്തമാണ്. കൊവിഡ് മഹാമാരി ഉണ്ടായിട്ടുകൂടി 2020-21 വര്‍ഷത്തെ നെല്ലിന്റേയും ഗോതമ്പിന്റേയും താങ്ങുവില കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2.9 ശതമാനവും 2.6 ശതമാനവുമാണ് വര്‍ധിച്ചത്. ഇത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറഞ്ഞതായിരിക്കേ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയേപ്പറ്റി കര്‍ഷകര്‍ക്കിടയിലുണ്ടായിരിക്കുന്ന വിശ്വാസത്തകര്‍ച്ചയ്ക്ക് അടിസ്ഥാനമുണ്ടെന്ന് കാണാന്‍ കഴിയും. ഇതോടൊപ്പം വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നമാണ് ഭക്ഷ്യ സുരക്ഷ. ഭക്ഷ്യ സംഭരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന അവസ്ഥയുണ്ടാകുമ്പോള്‍ പൂഴ്ത്തിവെയ്പും കരിഞ്ചന്തയും വര്‍ധിക്കുകയും ഭക്ഷ്യവിതരണവും അതുവഴി ഭക്ഷ്യ സുരക്ഷയും അപകടത്തിലാകുകയും ചെയ്യും. അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയടക്കമുള്ള അവശ്യസാധനങ്ങള്‍ ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കും. നിലവിലുള്ള പ്രശ്‌നങ്ങളുടെ അടിയന്തിര സ്വഭാവം വ്യക്തമാക്കുന്നത് ഈ പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെ സാരമായി ബാധിക്കുമെന്ന് തന്നെയാണ്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലേക്ക് വീഴുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ഈ കൊവിഡ് ഘട്ടത്തില്‍ അത്തരമൊരു സ്ഥിതി സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘ്യാതം ഒരു തരത്തിലും കേരളത്തിന് താങ്ങാനാകില്ല. ഇതിനെല്ലാമുപരി ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലീസ്റ്റില്‍ ലീസ്റ്റ് സെക്കന്‍ഡ് ഇനം പതിനാലായി മാര്‍ക്കറ്റ് ഫെയേഴ്‌സ് ഇനം 28 ആയും ഉള്‍പെടുത്തിയിട്ടുള്ള വിഷയങ്ങളാണ്. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശനമെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അന്തര്‍ സംസ്ഥാന യോഗങ്ങള്‍ വിളിച്ചുകൂട്ടി വിശദമായ കൂടിയാലോചനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോലും അയക്കാതെ തിരക്കിട്ടാണ് ഈ സുപ്രധാന നിയമങ്ങള്‍ പാസാക്കിയത് എന്നത് ഗൗരവമായ പ്രശ്‌നമാണ്. മേല്‍ പ്രതിപാദിച്ച വസ്തുതകള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഈ മൂന്ന് വിവാദനിയമങ്ങളും റദ്ദാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കേരള നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

Content: Full text of Kerala Assembly’s resolution against Farm Law