വാഹനം, സിം കാർഡ്, ചെക്ക്, വാട്സാപ്പ്: 2021-ൽ മാറുന്ന നിയമങ്ങൾ

single-img
31 December 2020
fast tag vehicles sim card 2021 new laws

ഫാസ്ടാഗിലൂടെ മാത്രം ടോള്‍

രാജ്യത്തെ ദേശീയപാതകളില്‍ നാളെമുതല്‍ ടോള്‍ പിരിവ് ഫാസ്ടാഗിലൂടെ മാത്രം. ഫാസ്ടാഗില്ലാതെ ടോള്‍ പ്ലാസകളിലെത്തുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍ ഇരട്ടി തുക നല്‍കുകയും 500 രൂപ നല്‍കി ടാഗ് എടുക്കുകയും വേണം.

ജി.എസ്.ടി.ആര്‍ 3ബി വര്‍ഷം നാല് തവണ

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള ബിസിനസ്സുകാര്‍ വര്‍ഷത്തില്‍ നാല് തവണ ജി.എസ്.ടി റിട്ടേണ്‍ (ജി.എസ്.ടി.ആര്‍ 3ബി) സമര്‍പ്പിച്ചാല്‍ മതി. ഇതിനായി ക്വാര്‍ട്ടര്‍ലി ഫയലിങ് റിട്ടേണ്‍ വിത്ത് മന്ത്‌ലി പേയ്‌മെന്റ് (ക്യു.ആര്‍.എം.പി) പദ്ധതി നടപ്പിലാക്കും. എല്ലാ മാസവും 3ബി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നായിരുന്നു, ഇതുവരെയുള്ള വ്യവസ്ഥ.

ചെക്കുകളുടെ വിവരം നല്‍കണം

ചെക്ക് നല്‍കുന്നയാള്‍ ആ വിവരം ബാങ്കുമായി പങ്കുവെക്കുന്ന പോസിറ്റീവ് പേ സംവിധാനം ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്നു. ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയാനാണിത്. ചെക്ക് ആര്‍ക്കാണോ അയാളുടെ പേര്, ചെക്ക് നമ്പര്‍, തീയ്യതി, തുക എന്നിവയാണ് നല്‍കേണ്ടത്. ഇത് ഒത്തുനോക്കി മാത്രമേ ചെക്ക് മാറി നല്‍കുകയുള്ളൂ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ബാധകമാകുന്നത് അതാത് ബാങ്കുകള്‍ക്ക് തീരുമാനിക്കാം.

കോണ്‍ടാക്ട് ലെസ് ഇടപാട് 5000

വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ (പിന്‍) നല്‍കാതെയും സൈ്വപ്പ് ചെയ്യാതെയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും യു.പി.ഐ സംവിധാനവും ഉപയോഗിച്ച് നടത്താവുന്ന പണമിടപാടുകളുടെ പരിധി 2000 രൂപയില്‍ നിന്ന് 5000 ആക്കിയത് നാളെമുതല്‍ പ്രാബല്യത്തില്‍ വരും.

പുക സര്‍ട്ടിഫിക്കേറ്റ് ഓണ്‍ലൈനില്‍

പുക പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ജനുവരി മുതല്‍ ഓണ്‍ലൈന്‍ ആകും. വാഹന്‍ സോഫ്‌റ്റ്വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. ്‌വാഹനം ഇത്തര കേന്ദ്രങ്ങളിലെത്തിച്ചാല്‍ പരിശോധന നടത്തുന്നത് ഇത്തരം സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാകും. വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. സര്‍ട്ടിഫിക്കേറ്റിന്റെ കാലാവധി കഴിയുമ്പോള്‍ വാഹന ഉടമയ്ക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും.

സിം കാര്‍ഡ് 9 മാത്രം

സ്വന്തം പേരില്‍ ഒന്‍പതിലേറെ സിം കാര്‍ഡുകള്‍ എടുത്തവര്‍ അധികമുള്ളവ ജനുവരി 10ന് മുന്‍പ് സേവന ദാദാക്കള്‍ക്ക് മടക്കി നല്‍കണം. ചട്ടമനുസരിച്ച് ഒരാള്‍ 9 സിം കാര്‍ഡുകള്‍ മാത്രമേ കൈവശം വെക്കാവൂ.

ഫേണ്‍ വിളി 0 ചേര്‍ക്കണം

ലാന്‍ഡ് ഫോണില്‍ നി്ന്ന് മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ തുടക്കത്തില്‍ 0 ചേര്‍ക്കണമെന്ന നിര്‍ദ്ദേശം ബി.എസ്.എന്‍.എല്‍ ലാന്റ് ലൈനില്‍ ജനുവരി 15നകം നടപ്പാക്കിയേക്കും. മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്പറുകള്‍ 10ല്‍ നിന്ന് 11 ആക്കുന്നതിന്റെ ഭാഗമാണിത്.

പഴഞ്ചനായാല്‍ വാട്‌സാപ്പില്ല

ആന്‍ഡ്രോയിഡ് 4.0.3 ആപ്പിള്‍ ഐ.ഒ.എസ് 9 എന്നീ വേര്‍ഷനുകള്‍ക്ക് താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ നാളെ മുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കുകയില്ല. ചില ഫോണുകളഇല്‍ പൂര്‍ണ്ണമായും വാട്‌സ് ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുമെങ്കിലും മറ്റു ചില ഫോണുകളില്‍ ചില ഫീച്ചറുകള്‍ ലഭ്യമാകില്ല.