പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് ബിജെപി; നന്ദി പറഞ്ഞ് മറുപടി പോസ്റ്ററുമായി യുവാവ്

single-img
31 December 2020

പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിക്ക് മനേഷ് മോഹന്‍ എന്ന യുവാവ് നല്‍കിയ മറുപടി സോഷ്യല്‍മീഡിയയിൽ ഹിറ്റ്. തന്നെ പുറത്താക്കിയതിന് നന്ദി അറിയിച്ച് കൊണ്ട് നാട് മുഴുവന്‍ പോസ്റ്റര്‍ പതിപ്പിച്ചാണ് മനേഷ് ബിജെപിക്ക് അതെ നാണയത്തിൽ തന്നെ മറുപടി നല്‍കിയിരിക്കുന്നത്.
മനേഷിനെ പുറത്താക്കിയ വിവരം ബിജെപി അറിയിച്ചതും പോസ്റ്ററിലൂടെയാണ്.

ബിജെപി പോസ്റ്ററിൽ പറയുന്നത്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് മനേഷ് മോഹനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു- ബിജെപി മലപ്പേരൂര്‍ ബൂത്ത് കമ്മിറ്റി.

മനേഷ് നൽകിയ മറുപടി: എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനം എടുത്ത മലപ്പേരൂര്‍ ബിജെപി ബൂത്ത് കമ്മിറ്റി നേതൃത്വത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി അറിയിച്ച് കൊള്ളുന്നു- എന്ന് മനേഷ് മോഹന്‍.

കൊല്ലം ജില്ലയിലെ ചടയമംഗലം മലപ്പേരൂരിലാണ് ഈ സംഭവം നടന്നത്. തന്നെ പാർട്ടി പുറത്താക്കിയ വിവരം മനേഷ് അറിഞ്ഞത് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടിച്ച പോസ്റ്ററുകളിലൂടെയാണ്. അതോടുകൂടി ബിജെപി പോസ്റ്റര്‍ പതിപ്പിച്ച എല്ലാ സ്ഥലങ്ങളിലും തന്റെ മറുപടി പോസ്റ്റര്‍ മനേഷ് പതിപ്പിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മനേഷിന്റെ അടുത്തസുഹൃത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിച്ചിരുന്നു. വ്യക്തിബന്ധമുള്ളത് കൊണ്ട് അദ്ദേഹത്തിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുകയും ചെയ്തു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

അതിനു ശേഷം കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ബൂത്ത് കമ്മറ്റി യോഗത്തില്‍ മനേഷിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുറത്താക്കിയ വിവരം പോസ്റ്റര്‍ ഒട്ടിച്ചെന്ന കാര്യം അച്ഛന്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് മനേഷ് പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായ അച്ഛനാണ് പറഞ്ഞത്, ബിജെപിക്ക് നന്ദി പറഞ്ഞ് പോസ്റ്റര്‍ ഒട്ടിക്കാന്‍. അങ്ങനെ 20ഓളം പോസ്റ്ററാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചത്. ഇനി ഒരിക്കലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ല, എന്നാൽ, കോണ്‍ഗ്രസിനൊപ്പം സഹകരിക്കാന്‍ തയ്യാറാണെന്നും മനേഷ് പറഞ്ഞു.