അരമണിക്കൂറിന്റെ ക്ഷമയുടെ വില രണ്ടു ജീവനുകൾ; രണ്ടു കുട്ടികൾ അനാഥരാകില്ലായിരുന്നു

single-img
30 December 2020

മുൻസിഫ് കോടതിയുടെ ഉത്തരവു പ്രകാരം രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനാണ് പൊലീസ് എത്തിയത്. ഒഴിപ്പിക്കരുതെന്ന ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി. ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ ക്ഷമിച്ചിരുന്നെങ്കിൽ വിലപ്പെട്ട രണ്ടു ജീവനുകൾ രക്ഷിക്കാമായിരുന്നു, രണ്ടു കുട്ടികൾ അനാഥരാകില്ലായിരുന്നു.

ഡിസംബർ 22-ന് ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിക്കുന്നതിനുമുമ്പേ നെയ്യാറ്റിൻകര നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്തേക്ക് തീ പടർന്നിരുന്നു. തൊട്ടുപിന്നാലെ, രാജനെയും കുടുംബത്തെയും ജനുവരി 15 വരെ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുവന്നു. എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും നിർദേശിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്തുന്നതിന് അരമണിക്കൂർമുമ്പാണ് പോലീസും അഭിഭാഷക കമ്മിഷനും ഒഴിപ്പിക്കലിനെത്തുന്നത്. സ്റ്റേ ഉത്തരവിന്റെ രേഖകൾ എത്തിക്കാമെന്നു പറഞ്ഞിട്ടും അല്പംപോലും കാക്കാതെയാണ് ഉച്ചഭക്ഷണത്തിനു മുന്നിലിരുന്ന രാജനെ പോലീസ് വീട്ടിൽനിന്ന് വലിച്ചിറക്കിയതെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.

അയൽവാസിയുടെ പരാതിയിൽ, ജൂൺ 16-നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവുവന്നത്. ഇതിനെതിരേ ഒക്ടോബറിൽ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ നൽകാൻ വൈകിയതിനാൽ ഇതു പരിഗണിക്കുന്നതിൽ താമസമുണ്ടായി. ഇതിനിടെ, നിലവിലെ ഉത്തരവ് നടപ്പാക്കണമെന്ന് മുൻസിഫ് കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതീ സമയം രാജന്റെയും അമ്പിളിയുടെയും കുട്ടികൾക്ക് വീട് നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും പൂർണസംരക്ഷണം നൽകാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. ജനുവരി ഏഴിനുമുമ്പ് റിപ്പോർട്ട് നൽകാൻ റൂറൽ എസ്.പി., ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കൂടാതെ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം സംബന്ധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ റൂറൽ പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ആന്റണി ഡോമിനിക് ഉത്തരവിട്ടു.