ബ്രാഹ്മണർക്ക്​ മാത്രമായി ക്രിക്കറ്റ്​ ടൂർണമെന്‍റ്; സംഘടിപ്പിച്ചത്​ എന്‍ജിനീയറിംഗ്​ കോളജ്​ വിദ്യാർത്ഥികൾ

single-img
30 December 2020

ഹെെദരാബാദിൽ ബ്രാഹ്മണർക്ക്​ മാത്രം പങ്കെടുക്കാവുന്ന നിയമവുമായി ക്രിക്കറ്റ്​ ടൂർണമെന്‍റ് സംഘടിപ്പിച്ച്​ എന്‍ജിനീയറിംഗ്​ കോളജ്​ വിദ്യാർത്ഥികൾ. ഈ മാസം 25, 26 തിയതികളില്‍ നടന്ന ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. നഗരത്തിലെ നാഗോളിലെ ബിഎസ്​ ഗ്രൗണ്ടിലാണ്​ ടൂർണമെന്‍റ്​ നടക്കുന്നതെന്നാണ്​ പോസ്റ്ററിൽ പറയുന്നത്​.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഓരോ കളിക്കാരനും ബ്രാഹ്മണനാകണമെന്ന പ്രത്യേക നിബന്ധനയും പോസ്റ്ററിൽ
എടുത്ത് പറയുന്നുണ്ട്. അതേപോലെ തന്നെ പ​ങ്കെടുക്കുന്നവർ ​ഐഡന്‍റിറ്റി കാർഡ്​ കൈയിൽ കരുതണം. ബ്രാഹ്മണനാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും കളിക്കാര്‍ ഹാജരാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. മറ്റുള്ള ജാതിക്കാര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നും പോസ്റ്ററിലെ നിബന്ധനകളിൽ പറയുന്നുണ്ട്​.

ഏറ്റവും കുറഞ്ഞ 10 ഓവർ മത്സരമായാണ്​ കളികൾ നടന്നത്​. ഇതില്‍ ഒന്നാം സമ്മാനമായി 15000 രൂപയും റണ്ണറപ്പിന്​ 10000രൂപയും നൽകിയിരുന്നു. പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചില മാധ്യമങ്ങൾ സംഘാടകരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും ടൂർണമെന്‍റിനെപറ്റി അഭിപ്രായം ചോദിക്കുകയും ചെയ്​തു. ‘ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള അംഗങ്ങളെ സ്​പോർട്​സിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ടൂർണമെന്‍റ സംഘടിപ്പിച്ചത് എന്നായിരുന്നു വിശദീകരണം.

എന്നാല്‍, മറ്റേതൊരു സമുദായത്തെ പിന്തുണയ്ക്കാനായിരുന്നെങ്കിലും ഞങ്ങളിതുതന്നെ ചെയ്യുമായിരുന്നു. ഇതിൽ എന്തെങ്കിലും പ്രശ്​നമുള്ളതായി ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ സ്വയം ഇന്ത്യക്കാരാണെന്നാണ്​ കരുതുന്നത്​. അല്ലാതെ ബ്രാഹ്മണൻ ആയിട്ടല്ല’- സംഘാടകരിൽ ഒരാൾ പറഞ്ഞു.