നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും സൗജന്യ ചികിത്സ കിട്ടാന്‍ സ്ഥാനത്ത് തുടരണം; രാജി തീരുമാനം പിന്‍വലിച്ച് ബിജെപി എംപി

single-img
30 December 2020

ബിജെപിയില്‍ നിന്നും രാജി വെക്കാനുള്ള തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞ് ബിജെപി എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ. ഇന്നലെ രാജിപ്രഖ്യാപിച്ച് ഇന്നാണ് അദ്ദേഹം തീരുമാനം പിന്‍വലിച്ചത്. പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍, മുഖ്യമന്ത്രി വിജയ് രൂപാണി എന്നീ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്.

തനിക്ക് പറ്റിയ തെറ്റുകള്‍ കാരണം പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് പോറലേല്‍ക്കാതിരിക്കാനാണ് രാജിവയ്ക്കുന്നത് എന്ന് രാജി കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഗുജറാത്തിലെ ബറൂച്ചില്‍ നിന്ന് 6 തവണ എം പിയായി ജയിച്ച വാസവ, ഒന്നാം മോദി സര്‍ക്കാരില്‍ ആദിവാസി ക്ഷേമവകുപ്പ് സഹമന്ത്രിയായിരുന്നു.

സംസ്ഥാനത്തെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിചിത്രമായ ന്യായമാണ് രാജി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്. ”എംപിയായി തുടര്‍ന്നാല്‍ മാത്രമേ നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നോട് പറഞ്ഞു.

എംപി സ്ഥാനം രാജിവെച്ചാല്‍ ഇത് സാധ്യമാകില്ല. പാര്‍ട്ടി നേതാക്കള്‍ എന്നോട് വിശ്രമിക്കാന്‍ ആവശ്യപ്പെടുകയും തനിക്ക് വേണ്ടി പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരന്തരം പ്രവര്‍ത്തിക്കുമെന്ന ഉറപ്പും അവര്‍ നല്‍കിയിട്ടുണ്ട്. എന്റെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാനും എം പി സ്ഥാനം ഒഴിയാനും ഞാന്‍ തീരുമാനിച്ചത്. ഇന്ന് ഞാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

ഇപ്പോള്‍ ബിജെപി മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ ഞാന്‍ രാജി പിന്‍വലിക്കുകയാണ്. എംപിയെന്ന നിലയില്‍ ഞാന്‍ എന്റെ ജനങ്ങളെ സേവിക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു.