സഭാ തർക്കം; തുടർ ചർച്ചകൾക്കായി ശ്രീധരൻപിള്ളയെയും മുരളീധരനെയും ചുമതലപ്പെടുത്തി പ്രധാനമന്ത്രി

single-img
29 December 2020

സംസ്ഥാനത്തെ ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കം പരിഹരിക്കുന്നതിന് സഭാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർത്തിയാക്കി. രണ്ടാം ദിവസമായ ഇന്ന് യാക്കോബായ വിഭാഗം പ്രതിനിധികളുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. അതിന് ശേഷം സഭാതർക്കത്തിൽ തുടർചർച്ചകൾക്കായി മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ളയെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെയും മോദി ചുമതലപ്പെടുത്തി.

വിഷയത്തിൽ ഭൂരിപക്ഷത്തിന്റെ അവകാശം ഹനിക്കപ്പെട്ടെന്നും കോടതി വിധികളിലെ നീതി നിഷേധമാണ് ചർച്ച ചെയ്യേണ്ടതെന്നും ഇതിൽ ഗൗരവമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി യാക്കോബായ വിഭാഗം സഭാപ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സംസ്ഥാനത്തെ സഭാതർക്കത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വലിയ ക്രമസമാധാന പ്രശ്‌നമായി വരുന്നതാണ് സഭാതർക്കം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണെന്നും അതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.