“ഗോ കൊറോണ”യ്ക്ക് ശേഷം “നോ കൊറോണ നോ” മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി

single-img
28 December 2020

രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊവിഡിനെ തുരത്താന്‍ ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം മുഴക്കിയാൽ മതി എന്ന് ആഹ്വാനം ചെയ്ത് വിവാദത്തിലായ കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്. ലോകത്ത് വീണ്ടും ഭീഷണിയായ കൊറോണയുടെ രണ്ടാം സ്‌ട്രെയിനിനെ തുരത്താനും തന്റെ പക്കല്‍ മുദ്രാവാക്യമുണ്ടെന്ന അവകാശവാദവുമായാണ് അത്താവലെ രംഗത്തെത്തിയിരിക്കുന്നത്.

പഴയ മുദ്രാവാക്യത്തിന് മികച്ച ഫലം ലഭിച്ചു എന്നും ഇപ്പോൾ വൈറസിനു വകഭേദം സംഭവിച്ചതിനാൽ പുതിയ മുദ്രാവാക്യം നൽകുകയാണെന്നും അത്താവാലെ പറഞ്ഞു. ‘നോ കൊറോണ, നോ’ എന്നതാണ് പുതിയ മുദ്രാവാക്യം. “നേരത്തെ ഞാൻ ഗോ കൊറോണ, കൊറോണ ഗോ എന്നാണ് പറഞ്ഞത്. അത് മികച്ച ഫലം നൽകി. ഇപ്പോൾ കൊറോണ പോവുകയാണ്. എന്നാൽ കൊറോണയുടെ വകഭേദം സംഭവിച്ച പുതിയ വൈറസ് എത്തിയിരിക്കുന്നു. പുതിയ വൈറസിനെ പ്രതിരോധിക്കാൻ ഞാൻ മറ്റൊരു മുദ്രാവാക്യം നൽകുന്നു. നോ കൊറോണ നോ എന്നാണ് അത്. -അത്താവലെ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 20 ന്, ഒരു പ്രാർത്ഥനാ യോഗത്തിലാണ് അത്താവലെ കൊറോണക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. ചൈനീസ് നയതന്ത്രപ്രതിനിധിയും ബുദ്ധ സന്യാസിമാരും പങ്കെടുത്ത പ്രാർഥന യോഗത്തിലായിരുന്നു മുദ്രാവാക്യം വിളി. കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യാഗേറ്റില്‍ വെച്ച് നടന്ന പരിപാടിയിലാണ് അത്താവലെ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചത്. പിന്നീട് ഒക്ടോബര്‍ 27 ന് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതും വാര്‍ത്തയായിരുന്നു. യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.