കൺഗ്രാചുലേഷൻസ് മധു; 24 ന്യൂസ് വൈറലാക്കിയ കൊല്ലം മധു ഡെപ്യൂട്ടി മേയർ

single-img
28 December 2020
kollam madhu 24 news deputy mayor congratulations madhu

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം “കൺഗാചുലേഷൻസ് മധു” എന്ന് ശ്രീകണ്ഠൻ നായർ അഭിനന്ദിച്ച കൊല്ലം മധു കൊല്ലം നഗരസഭയുടെ ഡെപ്യൂട്ടി മേയർ. കാവനാട് ഡിവിഷനിലെ കൗൺസിലറായി വിജയിച്ച മധു സിപിഐ നേതാവാണ്.

മധുവിന് 24 ന്യൂസിലെ അവതാരകരായ ശ്രീകണ്ഠൻ നായരും അരുൺ കുമാറും അഭിനന്ദനമറിയിക്കുന്ന വീഡിയോ ശകലം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ആദ്യം വിജയിയായി പ്രഖ്യാപിക്കപ്പെട്ടത് മധുവായിരുന്നു.

“കാവനാട് ഡിവിഷനിൽ മധുവാണ് വിജയിച്ചിരിക്കുന്നത്. സിപിഐയുടെ” എന്ന് ശ്രീകണ്ഠൻ നായർ പറയുമ്പോൾ “കൺഗ്രാചുലേഷൻസ് മധു” എന്ന് അരുൺ കുമാറും ശ്രീകണ്ഠൻ നായരും പറഞ്ഞു. തുടർന്ന് അരുൺ കുമാർ “ഈ മധുവിനെ എനിക്കറിയില്ല സാറിനറിയുമോ?” എന്ന് ചോദിക്കുമ്പോൾ “എനിക്കുമറിയില്ല” എന്ന് ശ്രീകണ്ഠൻ നായരും പറഞ്ഞതാണ് നർമ്മമായതും പിന്നീട് ട്രോൾ വീഡിയോ ആയി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതും.

പിന്നീട് 24 ന്യൂസ് അടക്കമുള്ള മാധ്യമങ്ങളിൽ മധുവിൻ്റെ അഭിമുഖം വരികയുണ്ടായി. എന്നാൽ അത്തരത്തിൽ ആരുമറിയാത്ത ആളല്ല മധുവെന്നതായിരുന്നു ശരിക്കുമുള്ള സസ്പെൻസ്. എഴുത്തുകാരനും പ്രസാധകനുമായ മധു കൊല്ലം ജില്ലയിൽ അറിയപ്പെടുന്ന രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനാണ്. ഇ എം എസിനെക്കുറിച്ചും വി എസ് അച്യുതാനന്ദനെക്കുറിച്ചും പുസ്തകമെഴുതിയിട്ടുള്ള മധു, പ്രശസ്ത എഴുത്തുകാരുടേതടക്കം ആയിരത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പ്രസാധകനാണ്. അടിയന്തിരാവസ്ഥക്കാലത്താണ് താൻ മുടിവളർത്താൻ തുടങ്ങിയതെന്നും താൻ ചെഗുവേരയുടെ ഒരു ആരാധകനാണെന്നും മധു പറഞ്ഞിരുന്നു.

കാവനാട് ഡിവിഷനിൽ നിന്നും 132 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മധു വിജയിച്ചത്. സിപിഐഎം നേതാവ് പ്രസന്ന ഏണസ്റ്റാണ് കൊല്ലം മേയർ. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് ചരിത്ര വിജയമാണ് നേടിയത്. 55 ഡിവിഷനുകളില്‍ 39 ഇടത്താണ് എല്‍.ഡി.എഫിന് വിജയം. യു.ഡി.എഫ് ഒമ്പത് സീറ്റിലും ബി.ജെ.പി ആറ് സീറ്റിലും എസ്.ഡി.പി.ഐ ഒരിടത്തും വിജയിച്ചു.

Content: Kollam Madhu, who became viral in a 24 news video, elected as Deputy Mayor of Kollam Corporation