പാലക്കാട് ദുരഭിമാനക്കൊല ആസൂത്രിതം; മുഖ്യസൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനെന്ന് അനീഷിൻ്റെ കുടുംബം

single-img
27 December 2020
Palakkad honour killing aneesh haritha

പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാനക്കൊല(Palakkad honour killing) ആസൂത്രിതമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ കുടുംബം. കൊലപാതകത്തിൻ്റെ മുഖ്യസൂത്രധാരൻ ഹരിതയുടെ മുത്തച്ഛനായ കുമരേശൻ പിള്ളയാണെന്നും അവർ ആരോപിച്ചു.

അനീഷിന്റെ കുടുംബത്തിന് പണം നൽകി ഹരിതയെ വീട്ടിലെത്തിക്കാൻ ശ്രമം നടന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. കുമരേശൻ പിള്ള ഹരിതയെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെടുന്നതിൻ്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഹരിത വീട്ടിലെത്തിയാൽ അനീഷിന്റെ കുടുംബത്തിന് പണം നൽകാമെന്ന് കുമരേശൻ പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്.

കൊലപാതകം ആസൂത്രിതമാണെന്നും പ്രഭുകുമാരിന്റെ അച്ഛൻ കുമരേശൻ പിള്ളയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെെന്നും അനീഷിന്റെ അച്ഛൻ ആരോപിക്കുന്നു. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും കൃത്യമായി ആരോ വിവരം നൽകിയാണ് കൊലപാതകം നടത്തിയതെന്നും അനീഷിന്റെ അച്ഛൻ ആറുമുഖൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു.

ഇതിനിടയില്‍ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ ആയുധം കണ്ടെത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടിലാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ വീട്ടിലെത്തിച്ചത്. അനീഷിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 

തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യാപിതാവിനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ്.

മൂന്നു മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്. ഒക്ടോബര്‍ 27-നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവര്‍ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ ഹാജരായി. അനീഷിനൊപ്പം പോകാന്‍ അനുവദിക്കണമെന്ന 18 വയസ് പൂര്‍ത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പോലീസ് അംഗീകരിച്ചതോടെ ഇവര്‍ ക്ഷേത്രത്തില്‍വെച്ച് താലികെട്ട് നടത്തുകയായിരുന്നു.

ഒന്നിച്ച് മൂന്നുമാസം തികച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.

Content: Palakkad honour killing was preplanned, says victim’s family