കർഷകരെ ഭയന്ന് പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കൾ

single-img
26 December 2020

പഞ്ചാബിലെ ഫഗ്വാരയിൽ കർഷകർ ഹോട്ടൽ വളഞ്ഞതോടെ പിൻവാതിൽ വഴി രക്ഷപ്പെട്ട് ബിജെപി നേതാക്കൾ. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാക്കള്‍ ഹോട്ടലിലെത്തിയത്. ഇവിടേക്ക് ഭാരതി കിസാൻ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു.

കാലി, കോഴി തീറ്റ വ്യാപാരം നടത്തുന്ന ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടലെന്ന് സമരക്കാര്‍ ആരോപിച്ചു. ബിജെപി നേതാവ് നടത്തുന്ന കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുൻപ് ഹോട്ടലില്‍ കയറാന്‍ ശ്രമിച്ച ബിജെപി നേതാക്കന്മാരെ സമരക്കാര്‍ തടഞ്ഞു. ബിജെപി നേതാക്കളെ സമരക്കാര്‍ ഉള്ളിലേക്ക് കയറാന്‍ അനുവദിച്ചില്ല.

ബിജെപി മഹിളാ നേതാവ് ഭാരതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കളെയാണ് തടഞ്ഞത്. തുടര്‍ന്ന് പൊലീസ് സുരക്ഷയോടെ ബിജെപി നേതാക്കള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു.  കര്‍ഷക സമരം പൊളിക്കാന്‍ ഗൂഢാലോചന നടത്താനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്ന് ഭാരതി കിസാൻ യൂണിയൻ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെയും കര്‍ഷകര്‍ മുദ്രാവാക്യം മുഴക്കി.