ചലച്ചിത്രനടൻ അനിൽ പി നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങിമരിച്ചു

single-img
25 December 2020
anil nedumangad

ഇടുക്കി: ചലച്ചിത്ര നടൻ അനിൽ പി നെടുമങ്ങാട് അന്തരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ വച്ച് ഇദ്ദേഹം മുങ്ങിമരിക്കുകയായിരുന്നു. ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു. 

ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിൻ്റെ ഇടവേളയിൽ “പരോൾ“ സിനിമ ഷൂട്ട് ചെയ്ത ഡാം സൈറ്റ് കാണണമെന്ന് പറഞ്ഞ് മലങ്കര ഡാമിൽ പോയ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.

അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കടുത്ത് തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണംസംഭവിച്ചിരുന്നു. അനിലിൻ്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്.

സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ നിരൂപക പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേർന്ന് മണിക്കൂറുകൾ മുൻപ് അനിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 

Content: Malayalam movie actor Anil Nedumangad drowned in malankara dam