ആശങ്ക ഒഴിയുന്നില്ല; ഒന്നര വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; ബാക്ടീരിയയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല

single-img
24 December 2020
Shigella

കോഴിക്കോട് ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങിയിരുന്നു.

ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം പുറത്ത് വന്നു. അതേസമയം ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് നേരത്തെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രോഗം നിയന്ത്രണ വിധേയമായെങ്കിലും രോഗ ഉറവിടം കണ്ടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനായി ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതി പ്രദേശത്ത് ക്യാമ്പ് ചെയ്ത് സര്‍വേ തുടങ്ങി.ഷിഗെല്ല രോഗം ജില്ലയില്‍ നിയന്ത്രണത്തിലാണെന്നാണ് ഡി.എം.ഒ അറിയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ച 11 വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് പ്രദേശവാസികള്‍ക്കും രോഗം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം ഷിഗെല്ല ബാക്ടീരിയയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തിൽ വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ബാക്ടീരിയ എങ്ങനെ ഈ മേഖലയില്‍ എത്തി എന്നത് കണ്ടത്താന്‍ ആയിരുന്നില്ല. ഷിഗല്ല രോഗബാധയുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്ന് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അറിയിച്ചിരുന്നു