ഓണക്കാലത്ത് നൂറു ദിന കര്‍മ്മപരിപാടിയുമായി ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്മസില്‍ അതേ തന്ത്രവുമായി ഇറങ്ങി: ചെന്നിത്തല

single-img
24 December 2020

കേരളത്തിൽ അവസാന ഓണക്കാലത്ത് നൂറു ദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി, ഇപ്പോൾ ക്രിസ്മസ് കാലത്ത് അതേ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.സംസ്ഥാന സർക്കാർ ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറുദിന പരിപാടികളില്‍ മിക്കവയും ഇനിയും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹംപറയുന്നു.

സംസ്ഥാനത്താകെ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കും, കയര്‍ മേഖലയില്‍ ഓരോ ദിവസവും ഓരോ യന്ത്രവല്‍കൃത ഫാക്ടറികള്‍ തുറക്കും, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും, ഒന്നരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും എന്നിങ്ങനെയുള്ള മോഹന വാഗ്ദാനങ്ങളാണ് പഴയ നൂറുദിനകര്‍മ്മ പരിപാടിയില്‍ പെടുത്തിയിരുന്നത്. ഈ പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാൽ അത് എവിടെ നടപ്പാക്കിയെന്ന് മാത്രം ആര്‍ക്കും അറിയില്ല. ചെന്നിത്തല പറയുന്നു.

ഒരിക്കൽ കൂടി 50000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആരെ കബളിപ്പിക്കാനാണ് ? നിലവിലെ റാങ്ക് ലിസ്‌റിറിലുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാതെ പി.എസ്.സിയുടെ ലിസ്റ്റുകള്‍ കൂട്ടുത്തോടെ റദ്ദാക്കിയ ശേഷം പിന്‍ വാതില്‍ വഴി ഇഷ്ടക്കാരെയും, സ്വന്തക്കാരെയും തിരുകി കയറ്റിയ സര്‍ക്കാരാണിത്. അങ്ങനെയുള്ള സര്‍ക്കാരാണ് ജനങ്ങളെ കബളിപ്പിക്കുവാന്‍ വീണ്ടും വീരവാദം മുഴക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.