അഭയ കേസ് : കോട്ടൂരിന് ഇരട്ട ജീവപര്യന്തം; സെഫിയ്ക്ക് ജീവപര്യന്തം; 2 പേർക്കും അഞ്ചുലക്ഷം രൂപ പിഴ

single-img
23 December 2020
abhaya case verdict

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിയ്ക്കും ജീവപര്യന്തവും തടവ് ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 വകുപ്പ് (നരഹത്യ) അനുസരിച്ച് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് 201-ആം വകുപ്പ് അനുസരിച്ച് 7 വർഷം തടവും കോൺവെൻ്റിൽ അതിക്രമിച്ച് കയറിയതിന് 449 വകുപ്പ് അനുസരിച്ച് ജീവപര്യന്തം തടവ് ശിക്ഷയുമാണ് ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരിന് കോടതി വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 വകുപ്പ് (നരഹത്യ) അനുസരിച്ച് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും 201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവുമാണ് മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് നൽകിയ ശിക്ഷ. രണ്ട് പ്രതികളും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

അഭയയെ കൊലപ്പെടുത്തിയ കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സിബിഐയുടെ കുറ്റപത്രത്തിൽ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂത‍ൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലാം പ്രതി മുൻ എ‍എസ്ഐ വി.വി.അഗസ‍്റ്റിനെയും കുറ്റപത്രത്തിൽനിന്നു സിബിഐ ഒഴിവാക്കി.

ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റർ സെഫിക്കെതിരെയും ചുമത്തപ്പെട്ട കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂർ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി.

ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.

Content: Abhaya Case Verdict