സഭ സമ്മേളിക്കാൻ അനുമതി നിഷേധിച്ച ഗവർണറുടെ നടപടി അസാധാരണം: വി എസ് സുനിൽ കുമാർ

single-img
22 December 2020

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ അനുമതി നിഷേധിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അസാധാരണമെന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാര്‍. ഈ വിഷയത്തില്‍ തുടര്‍ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കര്‍ഷകബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഒരു മണിക്കൂര്‍ മാത്രം നീളുന്ന പ്രത്യേക സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇതിലേക്ക് കക്ഷി നേതാക്കൾക്ക് മാത്രം സമ്മേളനത്തിൽ സംസാരിക്കാൻ അനുമതി നൽകിയാൽ മതിയെന്നും ധാരണയായിരുന്നു.എന്നാല്‍ സമ്മേളനം വിളിച്ചു കൂട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ലഭിച്ച രാജ്ഭവൻ ഇതേക്കുറിച്ച് വിശദീകരണം തേടി.

ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നൽകിയെങ്കിലും ഗവര്‍ണര്‍ മറുപടിയില്‍ തൃപ്തനായില്ല. ഉച്ചയോടെ കൃഷിമന്ത്രി വിഎസ് സുനിൽകുമാര്‍ നേരിട്ട് രാജ്ഭവനിലെത്തുകയും കാരണങ്ങള്‍ വ്യക്തമാക്കുകയും ചെയ്തെങ്കിലും മന്ത്രിയുടെ വാദങ്ങളും തള്ളിയാണ് രാജ്ഭവൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്.