വൈറസിൻ്റെ രൂപമാറ്റങ്ങളെ അതിജീവിക്കുന്ന വാക്സിൻ ആറാഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് ബയോൺ ടെക്

single-img
22 December 2020
mutation beating vaccine biontech pfizer covid 19

യുകെയിൽ കണ്ടെത്തിയ പുതിയതരം കൊറോണ വൈറസിനെ നേരിടാൻ തങ്ങളുടെ പങ്കാളിത്തത്തിൽ നിർമ്മിച്ച വാക്സിൻ പര്യാപ്തമാണെന്ന് ഫൈസർ വാക്സി(Pfizer Vaccine)ൻ്റെ നിർമ്മാണത്തിൽ പങ്കാളിയായ ജർമ്മൻ കമ്പനി ബയോൺ ടെക്(BioNTech).

ആവശ്യമെങ്കിൽ എല്ലാത്തരം രൂപമാറ്റം സംഭവിച്ച കൊറോണ വൈറസുകളെയും നേരിടാൻ പ്രാപ്തിയുള്ള വാക്സിൻ (Mutation-beating Vaccin) ആറാഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്നും ബയോൺ ടെക് സിഇഒ ഉഗുർ സഹിൻ (Ugur Sahin) പറഞ്ഞതായി പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ഏജൻസി ഫ്രാൻസ് പ്രെസെ (Agence France Presse-AFP) റിപ്പോർട്ട് ചെയ്യുന്നു.

“ഈ വാക്സിൻ്റെ പ്രതിരോധ രീതിയ്ക്ക് പുതിയ തരം വൈറസിനെ നേരിടാനാകുമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തൽ. എന്നിരുന്നാലും പുതിയ രൂപമാറ്റം സംഭവിച്ച വൈറസിനെ അതേപോലെ അനുകരിച്ച് അതിനെ നേരിടുന്ന വാക്സിൻ നിർമ്മിക്കാൻ വെറും ആറാഴ്ചകൾ മതിയാകും. അതാണ് മെസഞ്ചർ സാങ്കേതികവിദ്യയുടെ സൗന്ദര്യം എന്ന് പറയുന്നത്.” ഉഗുർ സഹിൻ പറഞ്ഞു.

ബ്രിട്ടനിൽ കണ്ടെത്തിയ പുതിയതരം വൈറസിന് ഒൻപത് രൂപമാറ്റങ്ങൾ ഉണ്ടെന്നും സഹിൻ പറഞ്ഞു. എന്നാൽ, തങ്ങൾ ഫൈസറുമായി ചേർന്ന് നിർമ്മിച്ച വാക്സിനിൽ ആയിരത്തിലധികം അമിനോ ആസിഡുകൾ ഉണ്ടെന്നും അതിൽ ഒൻപതെണ്ണം മാറിയാലും 99 ശതമാനം പ്രോട്ടീനുകളും സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വാക്സിൻ പുതിയതരം വൈറസിനെയും നേരിടുമെന്ന് സൈദ്ധാന്തികമായി തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും എന്നാൽ പരീക്ഷണം നടത്തിയ ശേഷമേ ശരിയായ വിവരം അറിയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content: BioNTech Says Can Make Mutation-beating Vaccine In Six Weeks