വാക്സിൻ വന്നാലുടൻ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

single-img
20 December 2020
CAA covid vaccine Amit Shah

കോവിഡ് വാക്സിൻ (Covid Vaccine) വന്നതിന് ശേഷം രാജ്യത്ത് പൗരത്വനിയമം (Citizenship Amendment Act-CAA) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ ബംഗാളിൽ പറഞ്ഞു.

പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയതിനാലാണ് നിയമം നടപ്പാക്കാൻ വൈകിയതെന്നും അമിത് ഷാ (Amit Shah) പറഞ്ഞു. തിരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം ബാക്കിനില്‍ക്കെയാണ് ബംഗ്ളാദേശ് നുഴഞ്ഞുകയറ്റവും പൗരത്വവിഷയവും ബി.ജെ.പി സജീവമാക്കുന്നത്.

ബംഗാളിൽ ജനം മാറ്റം ആഗ്രഹിക്കുന്നതായും മമതയ്ക്കെതിരായ ജനവികാരമാണ് സംസ്ഥാനത്തുടനീളം നിഴലിച്ചുനില്‍ക്കുന്നതെന്നും അമിത് ഷാ ഭോല്‍പുരില്‍ നടത്തിയ പ്രസംഗത്തിൽപ്പറഞ്ഞു. അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും ഷാ പറഞ്ഞു. 

 രവീന്ദ്രനാഥ് ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സന്ദര്‍ശിച്ചുകൊണ്ടാണ് തൻ്റെ പശ്ചിമബംഗാൾ പര്യടനത്തിന്റെ രണ്ടാംദിവസം ഷാ തുടങ്ങിയത്. തുടര്‍ന്ന് ഭീര്‍ഭുമിലുള്ള ബാവുൽ ഗായകൻ ബസുദേബ് ദാസ് ബാവുലിൻ്റെ (Basudeb Das Baul) വീട്ടിലെത്തി ഉച്ചയൂണ് കഴിച്ചു. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയിലൂടെ തൃണമൂലില്‍ നിന്ന് കൂടുതല്‍ എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് ബി.ജെപിയുടെ ശ്രമം. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സുവേന്ദുവിനോട് ഡല്‍ഹിയിലെത്താന്‍ ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

തൃണമൂല്‍,  കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളിലെ ഒരു ഡസനിനടുത്ത് എം.എല്‍.എമാരാണ് മിഡ്നാപുരില്‍ ശനിയാഴ്ച ഷായില്‍ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് വരെ എല്ലാമാസവും ഷായുടെ ബംഗാള്‍ സന്ദര്‍ശനമുണ്ടാകുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ പറ‍ഞ്ഞു.  

Content: CAA implementation after Covid Vaccination: Amit Shah