അജിത് ഡോവലിൻ്റെ മകനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്; നിലപാടിലുറച്ച് കാരവാൻ മാസിക

single-img
19 December 2020
jairam ramesh ajit doval

ന്യൂഡൽഹി: മാനനഷ്ട കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലി(Ajit Doval)ന്റെ മകന്‍ വിവേക് ഡോവലി(Vivek Doval)നോട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്(Jairam Ramesh) മാപ്പ് പറഞ്ഞു. 2019 ജനുവരിയില്‍ കാരവന്‍ മാസികയില്‍ വന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജയറാം രമേശ് നടത്തിയ വാർത്താ സമ്മേളനമാണ് കേസിനാധാരം. എന്നാൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച കാരവാൻ മാസിക തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുകയാണ്.

ജയറാം രമേശിൻ്റെ മാപ്പ് വിവേക് ഡോവല്‍ അംഗീകരിച്ചതിനാല്‍ ജയറാം രമേശിനെതിരായ മാനനഷ്ട കേസിലെ നടപടി ഡല്‍ഹിയിലെ റോസ് അവന്യു കോടതി അവസാനിപ്പിച്ചു. തെരെഞ്ഞെടുപ്പ് സമയമായതിനാല്‍ ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് ജയറാം രമേശ് മാപ്പപേക്ഷയില്‍ വ്യക്തമാക്കി.

തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പ് ജയറാം രമേശ് തീര്‍ക്കുകയായിരുന്നുവെന്നാണ് വിവേക് ഡോവല്‍ നല്‍കിയ മാനനഷ്ട കേസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നികത്താന്‍ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് വരുത്തിയതെന്നും ഡോവല്‍ ആരോപിച്ചിരുന്നു. 

അതേസമയം മാപ്പപേക്ഷിക്കില്ല എന്ന് വ്യക്തമാക്കിയ കാരവന്‍ മാസികയ്ക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് തുടരും. അജിത് ഡൊവലിൻ്റെ മകൻ വിവേക് ഡോവലിന് കേമാൻ ദ്വീപുകളിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നായിരുന്നു “ ഡി കമ്പനീസ്(The D-Companies)” എന്ന പേരിൽ കാരവാൻ പുറത്തുവിട്ട ലേഖനത്തിൻ്റെ ഉള്ളടക്കം.

Content: Jairam Ramesh tenders apology to Ajit Doval’s son Vivek in 2019 defamation case