ഓപ്പറേഷന്‍ ലോട്ടസുമായി അമിത് ഷാ ബംഗാളില്‍ ദ്വിദിന സന്ദർശനത്തിന്

single-img
19 December 2020
Amit Shah on a two-day visit to Bengal with Operation Lotus

പശ്ചിമ ബംഗാളിൽ തൃണമുൽ കോൺഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടൽ തുടരുന്നതിനിടെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്​ ഷാ ഇന്ന് എത്തുന്ന സാഹചര്യത്തില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ബംഗാള്‍ ഇപ്പോള്‍ വേദിയാകുന്നത്. അമിത്ഷാ വരുന്നതിന് മുന്നോടിയായ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടതോടെ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പിന്​ സാക്ഷ്യം വഹിക്കാനിരിക്കെയാണ്​ അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനം.

അമിത്ഷാ പശ്ചിമ ബംഗാളില്‍ ഇന്ന് എത്തുമ്പോള്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എന്ന മട്ടില്‍ ആയിക്കഴിഞ്ഞു. തൃണമൂല്‍ ക്യാമ്പിനെ ഞെട്ടിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസം മൂന്നാമത്തെ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. തൃണമൂല്‍ വിട്ട എംഎല്‍എമാര്‍ സുവേന്ദു ഉള്‍പ്പെടെ അമിത്ഷായുടെ സാന്നിധ്യത്തില്‍ ബിജെപി പ്രവേശനം നടത്തും എന്നാണ് വിവരം. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ അടക്കം സന്ദര്‍ശിക്കുന്ന അമിത്ഷാ കര്‍ഷകരുടെ യോഗത്തിലും ഗൃഹ സമ്പര്‍ക്കത്തിലും അടക്കം പങ്കെടുക്കുന്നുണ്ട്.

ബംഗാള്‍ പൊലീസിന് പിന്നാലെ കേന്ദ്ര പൊലീസിന്റെ വിന്യാസം കൂടി ഒരുക്കിയാണ് അമിത്ഷായുടെ സന്ദര്‍ശനം. രണ്ട് ദിവസം സംസ്ഥാനത്ത് തങ്ങുന്ന അമിത്ഷാ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നിയോഗിച്ച ഏഴ് നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. മറുവശത്ത് പാര്‍ട്ടിയിലെ ചോര്‍ച്ച അടച്ച് പ്രതിരോധം ശക്തമാക്കാനാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശ്രമം.

അമിത്ഷാ സംസ്ഥാനത്ത് എത്തുമ്പോള്‍ ഉണ്ടാകുന്ന മാധ്യമ ശ്രദ്ധ മറികടക്കാന്‍ ഇന്ന് മമതാ ബാനര്‍ജിയും റോഡ് ഷോ നടത്തും എന്നാണ് വിവരം. രാജിവച്ച എംഎല്‍എമാരുടെ രാജിക്കത്ത് സ്പീക്കര്‍ മടക്കിയിട്ടുണ്ട്. 20 ാം തിയതി നേരില്‍ ഹാജരാകാനാണ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നല്‍കിയ നിര്‍ദ്ദേശം. ഈ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ രാജി വച്ചവരെ മടക്കി തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ മമതയ്ക്ക് സാധിച്ചാല്‍ അത് തൃണമൂല്‍ കോണ്‍ഗ്രസിന് നേട്ടമാകും.