ഷോപ്പിംഗ് മാളില്‍വച്ച് രണ്ട് പേർ ശരീരത്തിൽ സ്പർശിച്ച ശേഷം പിന്തുടർന്നപമാനിക്കാൻ ശ്രമിച്ചെന്ന് യുവനടി; അന്വേഷിക്കുമെന്ന് പൊലീസ്

single-img
18 December 2020

കൊച്ചി നഗരത്തിലെ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് യുവനടിയുടെ വെളിപ്പെടുത്തൽ. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് യുവാക്കള്‍ ശരീരത്തിൽ സ്പർശിച്ച ശേഷം തന്നെ പിന്തുടർന്നെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് കളമശേരി പൊലീസ് അറിയിച്ചു.

ഷോപ്പിംഗ് മാളിലെ തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം. തിരക്കിനിടയിലൂടെ വന്ന യുവാക്കള്‍ ശരീര ഭാഗത്ത് സ്പര്‍ശിച്ചു. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എനിക്ക് പെട്ടെന്ന് പ്രതികരിക്കാനായില്ല. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു.

എന്നാല്‍ ഊഹിക്കാന്‍ പോലുമാകാത്ത ഒരു കാര്യം നടന്നതിന്റെ ഞെട്ടലിലായിരുന്നു ഞാന്‍. അവര്‍ക്കരികിലേക്ക് ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. അവര്‍ക്ക് കാര്യം മനസിലായെന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നീട് സാധനങ്ങള്‍ വാങ്ങിയതിന്റെ പണം അടയ്ക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്തും അവര്‍ പിന്തുടര്‍ന്നെത്തി സംസാരിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ അവരോട് സ്വന്തം കാര്യം നോക്കി പോകാന്‍ പറഞ്ഞു.

ഈ സമയത്താണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അതോടെ അവര്‍ അവിടെ നിന്ന് പോയി. ഈ കുറിപ്പ് എഴുതുമ്പോഴും അവരോട് ഒന്നും പറയാന്‍ പറ്റാതെ പോയതില്‍ വിഷമിക്കുന്നതായും നടി പറയുന്നു.

അപമാനിതയായി എന്ന യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് കളമശേരി പൊലീസ്. ഷോപ്പിംഗ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.