സ്നേഹവും ബഹുമാനവും നിറഞ്ഞ ‘ലാലേട്ടൻ’ വിളിയിൽ മോഹൻലാൽ സന്തോഷം കണ്ടെത്തി; സുരേഷ് ഗോപിക്ക് പിഴച്ചു

single-img
18 December 2020

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പരിഹാസ കുറിപ്പുമായി പ്രശസ്ത മാധ്യമപ്രവർത്തകൻ ടിജെഎസ് ജോർജ്. സിനിമയിൽ താന്‍ ഉപയോഗിക്കുന്ന ഡയലോഗുകൾക്ക് സമാനമായ ഭാഷാപ്രയോഗങ്ങളാണ് സുരേഷ് ഗോപിക്ക് വിനനായി തീർന്നതെന്നും പൊതുജനങ്ങളോടുള്ള സമീപനത്തെക്കുറിച്ച് അദ്ദേഹം അജ്ഞനാണെന്നും അദ്ദേഹം ഒരു മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ‘ആർക്കുവേണം സുരേഷ് ഗോപിയെ?’ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ വിമര്‍ശിക്കുന്നു.

ഡല്‍ഹിയില്‍ ചെന്ന് ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച സുരേഷ് ഗോപി അന്ന് ‘ഡൽഹിയിൽ മന്ത്രിയാകണ’മെന്ന ആഗ്രഹം മൂലം അധികം വൈകാതെ ബിജെപിയുടെ ഭാഗമായി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്, തന്റെ സിനിമാപശ്ചാത്തലം നൽകിയ ‘സ്വാതന്ത്ര്യ ലഹരിയിൽ’ അദ്ദേഹം തൃശൂരിൽ നടത്തിയ പ്രസ്താവനകൾ തിരിച്ചടികളായിട്ടുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

ആദ്യകാലത്ത് സുരേഷ്ഗോപി കമ്യൂണിസ്റ്റുകാരെ ‘സ്നേഹിച്ചതാണെ’ന്നും 2011ൽ സിപിഎമ്മിലെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങിയതാണെന്നും അതിന് ശേഷം കോൺഗ്രസിനെയും ഒരിക്കൽ പിന്തുണച്ചിരുന്ന അദ്ദേഹം ബിജെപിയിലേക്ക് വന്നത് ‘ഡല്‍ഹി മനസിൽ വച്ചുകൊണ്ടായിരുന്നു’ എന്നും ടിജെഎസ് ജോർജ് തന്റെ കുറിപ്പില്‍ പരിഹസിക്കുന്നു.

ഇപ്പോള്‍ പോലുംഅധികാരമില്ലാത്ത സമയത്ത് ബിജെപി പ്രസിഡന്റിന്റെ കത്തുമായി വരണമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് ‘കസേര കിട്ടിയാൽ എന്തായിരിക്കും പുകിലെ’ന്നും ഇദ്ദേഹം ലേഖനത്തില്‍ ആശങ്കപ്പെടുന്നുണ്ട്. മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാലിലെ കുറിച്ചും ടിജെഎസ് ജോർജ് തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. മോഹൻലാലും ഒരുകാലത്ത് രാഷ്ട്രീയ മോഹം ഉണ്ടായിരുന്ന ആളാണെന്നും എന്നാൽ മലയാളിയുടെ സ്വഭാവം നേരത്തെ തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പക്ഷെ ‘സ്വന്തം മാനം നോക്കി’ സ്വന്തം തട്ടകത്തിൽ തന്നെ തുടരുന്നതാണ് അഭികാമ്യമെന്ന് ബുദ്ധിമാനായ അദ്ദേഹം മനസ്സിലാക്കുകയായിരുന്നു

അതിനാല്‍ തന്നെ സ്നേഹവും ബഹുമാനവും നിറഞ്ഞ ‘ലാലേട്ടൻ’ എന്ന വിളിയിൽ അദ്ദേഹത്തിന് സന്തോഷം കണ്ടെത്താൻ സാധിച്ചുവെന്നും ടിജെഎസ് ജോർജ് പറയുന്നു. അത്തരത്തിലുള്ള സ്നേഹവും ബഹുമാനവുമാണ് സുരേഷ് ഗോപിക്ക് നഷ്ടമായെന്നും എന്നിട്ടുപോലും സ്ഥാനമാനങ്ങൾ നേടാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും ടിജെഎസ് ജോര്‍ജ് പരിഹസിക്കുന്നു.