തദ്ദേശ തെരഞ്ഞെടുപ്പ്: പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി

single-img
18 December 2020

തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിട്ട പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന് നിരവധി പിതാക്കന്മാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ 20ൽ 19 നേടിയപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലെ ചർച്ചകൾ സംബന്ധിച്ച് ഇന്ന് വിളിച്ചുചേര്‍ത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊതുരാഷ്ട്രീയം ചർച്ചയായില്ല എന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രബുദ്ധ കേരളത്തിൽ പൊതുരാഷ്ട്രീയം ചർച്ചയാകാതിരുന്ന സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക ക്ഷേമപെൻഷനുകൾ, ആരോഗ്യരംഗം എന്നിവയിലെല്ലാം ഈ സർക്കാറിന്റെ കാലത്തുണ്ടായിരുന്നതിനേക്കാൾ എത്രയോ മെച്ചമായിരുന്നു യു.ഡി.എഫ് സർക്കാറെന്നാണ് രാഷ്ട്രീയ കാര്യ സമിതി വിലയിരുത്തിയത്. എന്നാൽ, അത് പൊതു സമുഹത്തെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്കിടയിലും കോൺഗ്രസ് പ്രവർത്തകർ ആത്മാർഥമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.