ജയ്ശ്രീറാം ബാനർ: മത സ്പർധ വളർത്താൻ ശ്രമിച്ചു; പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്

single-img
18 December 2020
jai sreeram banner

പാലക്കാട് ബിജെപിയുടെ വിജയാഘോഷത്തിനിടെ നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ കേസെടുത്ത് കേരളം പോലീസ്. മത സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് കുറ്റം. മുനിസിപ്പൽ സെക്രട്ടറിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്.

സ്ഥാനാർഥികളുടെ പ്രതിനിധികളായി വോട്ടെണ്ണൽ കേന്ദ്രമായ നഗരസഭാ കെട്ടിട്ടത്തിൽ എത്തിയവരാണ് ബാനർ സ്ഥാപിച്ചത്. ഉടൻ തന്നെ പൊലീസ് ഇടപെട്ട് ബാനർ നീക്കിയെങ്കിലും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ബിജെപിക്കെതിരെ വിമർശനമുയർന്നിരുന്നു. 

ആഹ്ലാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിനു മുന്നിൽ ജയ്ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത്. മിനിറ്റുകൾക്കകം നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ബിജെപിയുടെ നടപടി രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരാണെന്നും സർക്കാർ സ്ഥാപനത്തിലെ നിയമലംഘനത്തിന് പൊലീസ് കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

പൊതുസ്ഥാപനത്തില്‍ ഇത് അനുവദിക്കരുതെന്നും നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡിസിസി പ്രസിഡന്റും എംപിയുമായ വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. വിമര്‍ശനവുമായി വി.ടി.ബൽറാം എംഎൽഎ ഉൾപ്പെടെയുളളവരും രംഗത്തെത്തി. അതേസമയം സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ട് ബാനർ ഉടന്‍ ഒഴിവാക്കിയെന്നും ആരാണ് ഇതു വച്ചതെന്ന് അറിയില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷണദാസ് പ്രതികരിച്ചു.