കാര്‍ഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പുരോഗമനവാദികളായ കര്‍ഷകരും പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നു: പ്രധാനമന്ത്രി

single-img
18 December 2020
One Nation One Election

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളിലെ ഈ പരിഷ്‌കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും കഴിഞ്ഞ 20-30 വര്‍ഷമായി വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഈ നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കാര്‍ഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പുരോഗമനവാദികളായ കര്‍ഷകരും പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്നും മോദി പറഞ്ഞു.

നമ്മുടെ രാജ്യത്തെ കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയിട്ട് 6-7 മാസങ്ങളായി. ഇതുവരെ മിണ്ടാതിരുന്ന ചിലര്‍ ഇപ്പോള്‍ നുണകളിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു.

കര്‍ഷകരുടെ പേരില്‍ ഇപ്പോൾ നടക്കുന്ന പ്രതിഷേധം ആരംഭിച്ചവര്‍, സര്‍ക്കാരിനെ നയിക്കാന്‍ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്തായിരുന്നു ചെയ്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യം ഇക്കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഇന്ന് അവരുടെ ദുഷ്‌ചെയ്തികള്‍ രാജ്യത്തെ ജനങ്ങളുടെയും കര്‍ഷകരുടെയും മുന്നില്‍ തുറന്നുകാണിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് മോദി പറഞ്ഞു.