ഇത്​ ഗുജറാത്തല്ല, കേരളമാണ്: പാലക്കാട് നഗരസഭയിൽ ദേശീയപതാക വിരിച്ച് ഡി വൈ എഫ് ഐയുടെ പ്രതിഷേധം

single-img
18 December 2020
dyfi palakkad jai sriram protest

പാലക്കാട് നഗരസഭാ (Palakkad Municipality) കെട്ടിടത്തിൽ ബിജെപി പ്രവർത്തകർ “ജയ് ശ്രീരാം(Jai Sriram)“ എന്നെഴുതിയ ബാനർ തൂക്കിയതിനെതിരെ ഡിവൈഎഫ് ഐ(DYFI)യുടെ പ്രതിഷേധം. ദേശീയ പതാക ആലേഖനം ചെയ്ത നീളമുള്ള ബാനർ അതേസ്ഥാനത്ത് കെട്ടിടത്തിന് മുകളിൽ നിന്നും തൂക്കിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

‘ഇത്​ ആർ.എസ്​.എസ്​. കാര്യാലയമല്ല, നഗരസഭയാണ്​. ഇത്​ ഗുജറാത്തല്ല, കേരളമാണ്​’ എന്നെഴുതിയ ഫ്ലക്​സുമായാണ്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ നഗരസഭാ ഓഫീസിന്​ മുന്നിൽ പ്രതിഷേധിച്ചത്​. കുറച്ച്​ പ്രവർത്തകർ ദേശീയ പതാകകളുമായി നഗരസഭാ ഓഫീസിന്​ മുകളിൽ കയറി. ജയ്​ ശ്രീറാം ഫ്ലക്​സ്​ തൂക്കിയ സ്​ഥാനത്ത്​ ദേശീയ പതാക തൂക്കുകയും ചെയ്​തു.

അതേസമയം, പാർട്ടിനേതൃത്വത്തിന് സംഭവത്തെക്കുറിച്ച്‌ അറിയില്ലെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് ഇ. കൃഷ്ണദാസ് പ്രതികരിച്ചു. എന്നാൽ ഫ്ലക്സ് തൂക്കിയത് ബിജെപി കൗണ്ടിംഗ് ഏജൻ്റുമാരും സ്ഥാനാർത്ഥികളും ചേർന്നാണെന്ന് പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടക്കുന്ന സമയത്താണ് ബിജെപി പ്രവർത്തകർ പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ നിന്നും “ജയ് ശ്രീരാം“ എന്നെഴുതിയ ബാനർ വിരിച്ചത്. പാലക്കാട് നഗരസഭാ ഓഫീസിന്റെ മേൽത്തട്ടിൽ കയറിയ ഏതാനും പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സ്‌ ബോർഡും മറുഭാഗത്ത് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ചിത്രങ്ങളടങ്ങിയ ഫ്ലക്സും ചുവരിൽ വിരിച്ചെന്നുമായിരുന്നു പരാതി.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐ.പി.സി. 153-ാം വകുപ്പനുസരിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന രീതിയിൽ പെരുമാറിയതിനാണ് കേസ്. പാലക്കാട് നഗരസഭാസെക്രട്ടറിയുടെ പരാതിയെത്തുടർന്നാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തത്. നഗരസഭാമന്ദിരത്തിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് സെക്രട്ടറിയുടെ പരാതി. 16-ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവം വിവാദമായതോടെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസും സി.പി.എമ്മും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു‌.

Content: DYFI Protest against BJP’s Jai Sriram Banner on Palakkad Municipality building