ഒരു കൂട്ട ആത്മഹത്യ നടന്നേനെ, ഞാനും ചേച്ചിയും ഇത്തിരി ആത്മധൈര്യം കാണിച്ചത് കൊണ്ട്, കരകയറാൻ ആയി; കല്യാണത്തിന് മാതാപിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ആഘാതത്തെ ക്കുറിച്ചു ഡോ: സുരേഷ് സി പിള്ള

single-img
18 December 2020
Dr. Suresh C Pillai talks about the financial impact of marriage on parents

ശരിക്കും, മക്കളെ കല്യാണം കഴിപ്പിക്കുന്നത് മാതാപിതാക്കളുടെ കടമയാണോ? അല്ലേയല്ല. പ്രായപൂർത്തി ആയ ഓരോ പൗരനും, അവൾക്ക്/ അവനു വേണ്ട ഇണയെ കണ്ടെത്തുന്നതും, വിവാഹത്തിന് വേണ്ട ചിലവുകൾ നടത്തുന്നതും സ്വന്തം ഉത്തരവാദിത്വം ആയി കരുതണം. വിവാഹത്തിനും തുടർന്നും ചെറിയ സഹായം വല്ലതും അവരുടെ കഴിവനുസരിച്ചു മാതാപിതാക്കളുടെ കയ്യിൽ നിന്നും സ്വീകരിക്കാം. കല്യാണത്തിന് മാതാപിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ആഘാതത്തെ ക്കുറിച്ചു പറയുകയാണ് ഡോ: സുരേഷ് സി പിള്ള .

ഡോ: സുരേഷ് സി പിള്ളയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം:

ചില സിനിമകൾ കാണുമ്പോൾ ഇത് യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതാവുമോ എന്നൊക്കെ തോന്നിയിട്ടില്ലേ?

അല്ലെങ്കിൽ ചിലപ്പോളൊക്കെ അവിശ്വസനീയം എന്നും തോന്നിയിട്ടുണ്ടാവും.

എന്നാൽ സിനിമകളേക്കാൾ വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിൽ നേരിട്ടറിയുന്നതു വരെയേ ഇങ്ങനുള്ള ചിന്തകൾക്ക് ആയുസ്സുള്ളൂ.

മോഹൻലാലും നെടുമുടി വേണുവും അഭിനയിച്ച ‘ഭരതം’ സിനിമയിൽ കല്ലൂർ ഗോപിനാഥൻ, പെങ്ങളുടെ കല്യാണം മുടങ്ങാതിരിക്കുവാൻ ജ്യേഷ്ടനായ കല്ലൂർ രാമനാഥന്റെ മരണം കുടുംബത്തിൽ നിന്നും മറച്ചു വച്ച് കല്യാണം നടത്തുന്ന ഒരു രംഗമുണ്ട്.

വിവാഹത്തലേന്ന് ഗോപിനാഥൻ കടന്നു പോകുന്ന മാനസിക സംഘർഷങ്ങൾ തനതായി പ്രതിഫലിപ്പിക്കാൻ ലോഹിതദാസിന്റെ തിരക്കഥയ്ക്കും, സിബി മലയിലിന്റെ സംവിധാനത്തിനും, മോഹൻലാലിന്റെ അഭിനയത്തിനും ആയി.

സമാന അനുഭവത്തിൽ കൂടി എന്റെയൊരു സുഹൃത്ത് പോയിട്ടുണ്ട്. അവനിപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ആക്‌സിഡന്റ ണ്ടായി കുറെ വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയി. അനുവാദം ചോദിക്കാതെ എഴുതുന്നത് കൊണ്ട് സുഹൃത്തിനെ ‘കിരൺ’ എന്ന് വിളിക്കാം. ഏകദേശം ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ഇത് നടക്കുന്നത്. അവന്റെ പെങ്ങളുടെ വിവാഹമാണ്. കറുകച്ചാലിൽ നിന്നും ബൈക്കിൽ പോകാനുള്ള ദൂരമേ ഉള്ളതിനാൽ, ഞാൻ രാവിലേ തന്നെ എത്തി.

സാധാരണ ഒരു വിവാഹ വീടുപോലെ തന്നെ ബഹളങ്ങളും, ആരവങ്ങളുമായി എല്ലാവരും സന്തോഷത്തിലാണ്. ഞാൻ വെളിയിൽ പരിചയമുള്ള ചിലരുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ കിരൺ പറഞ്ഞു

“നീയിങ്ങു വന്നേ ഒരു കാര്യം പറയാം”.

“എന്നാടാ, എന്തെങ്കിലും വാങ്ങാനുണ്ടോ? ഞാൻ ചോദിച്ചു

“അതല്ലടാ, അച്ഛനിന്നലെ ജയിലിൽ ആയിരുന്നു.”

ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.

“തൽക്കാലം എനിക്കും ചേച്ചിക്കും രണ്ടു മൂന്നു സുഹൃത്തുക്കൾക്കുമേ അറിയുള്ളൂ.” അവൻ തുടർന്നു.

“കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കാത്തതിനാൽ, കടം കൊടുത്ത ആൾ ഫയൽ ചെയ്ത കേസാണ്.”

“വക്കീൽ വിളിച്ച ഫോൺ, ചേച്ചിയാണ് എടുത്തത്.”

“ചേച്ചി, തല കറങ്ങി വീണു.”

“പിന്നെയുള്ള കാര്യങ്ങൾ മുതൽ, ഇവിടം വരെയുള്ള കാര്യങ്ങൾ ഒരു ജീവിതം മുഴുവൻ ഇന്നലെ ഒരു ദിവസം കൊണ്ട് തീർന്നപോലെ ആണ്.”

“ഒരു പക്ഷെ ഒരു കൂട്ട ആത്മഹത്യ നടന്നേനെ, ഞാനും ചേച്ചിയും ഇത്തിരി ആത്മധൈര്യം കാണിച്ചത് കൊണ്ട്, കരകയറാൻ ആയി.”

“അച്ഛനു ജാമ്യം കിട്ടി. മുഹൂർത്തത്തിന് മുൻപേ ഇവിടെ എത്തും.”

കല്യാണം മംഗളമായി നടന്നു. ഇത്രയും സംഭവ ബഹുലം ആയി ഒരു രാത്രി അവിടെ നടന്നു എന്നത് അന്നവിടെക്കൂടിയ ആരും അറിഞ്ഞില്ല. ഒരു പക്ഷെ പലരും ഇപ്പോളും അറിഞ്ഞിട്ടില്ല (അറിയുന്നവർ പേര് ദയവായി ആ കുടുംബത്തിന്റെ പ്രൈവസി യെ മാനിച്ചു കംമെന്റിൽ എഴുതരുത്.)

ആർഭാടമായി നടക്കുന്ന ഓരോ കല്യാണം കാണുമ്പോളും ഞാൻ ഈ കഥ ഓർക്കും. പല കല്യാണ വീടുകളിലും സമാനമായ സംഭവങ്ങൾ ഇതേപോലെ നടക്കാറുണ്ട്. ചിലപ്പോൾ കല്യാണത്തിന് മുൻപോ, പിൻപോ ഇതിലും വലിയ ട്രാജഡികളും നടക്കാറുണ്ട്. സമാനമായ അനുഭവങ്ങൾ ഇനിയും എഴുതാനുണ്ട്. ഇത്രയും എഴുതിയത്, കല്യാണത്തിന് മാതാപിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ആഘാതത്തെ ക്കുറിച്ചു പറയാനാണ്. ശരിക്കും, മക്കളെ കല്യാണം കഴിപ്പിക്കുന്നത് മാതാപിതാക്കളുടെ കടമയാണോ? അല്ലേയല്ല. പ്രായപൂർത്തി ആയ ഓരോ പൗരനും, അവൾക്ക്/ അവനു വേണ്ട ഇണയെ കണ്ടെത്തുന്നതും, വിവാഹത്തിന് വേണ്ട ചിലവുകൾ നടത്തുന്നതും സ്വന്തം ഉത്തരവാദിത്വം ആയി കരുതണം. വിവാഹത്തിനും തുടർന്നും ചെറിയ സഹായം വല്ലതും അവരുടെ കഴിവനുസരിച്ചു മാതാപിതാക്കളുടെ കയ്യിൽ നിന്നും സ്വീകരിക്കാം.

വിവാഹം സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആയിട്ട്, രണ്ടു പേരും തുല്യമായി പങ്കിട്ടെടുത്ത് നടത്തുന്നതാണ് ഉത്തമം.

കാരണം, വിവാഹം എന്നാൽ രണ്ടു വ്യക്തികൾ തമ്മിലുള്ള കരാറാണ്, രണ്ടു കുടുംബങ്ങൾ തമ്മിലുള്ളതല്ല.

ഡോ: സുരേഷ് സി പിള്ളയുടെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം