പൊളിക്കാൻ കഴിയാത്ത അടിത്തറ, അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്; കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യം പഠനവിഷയമാക്കേണ്ടതെന്ന് ദേവന്‍

single-img
18 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയത്തെ പുകഴ്ത്തി നടനും കേരള പീപ്പിൾസ് പാർട്ടിയുടെ സ്ഥാപകനുമായ ദേവൻ. താരം തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇടതുപക്ഷത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം അഭിനന്ദിച്ചത്.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തെരഞ്ഞെടുപ്പ് ഫലമാണിതെന്നും ഇക്കാര്യം മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ…
ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്… കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്…

പൊളിക്കാൻ കഴിയാത്ത അടിത്തറ അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്, ചോർന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ വിജയരഹസ്യം… ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതുമാണ്..
.
അഭിപ്രായവ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാൻ എനിക്ക് കഴിയില്ല… ഈ വിജയത്തിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാൻ അഭിനന്ദിക്കുന്നു.


ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും…
സ്നേഹാദരങ്ങളോടെ
ദേവൻ ശ്രീനിവാസൻ