കാർഷിക നിയമങ്ങൾ ബിജെപിയുടെ തെരഞ്ഞെടുപ്പിന് ധനസഹായം ലഭിക്കാന്‍ വേണ്ടിയുള്ളത്; കീറിയെറിഞ്ഞ് അരവിന്ദ് കെജ്‌രിവാൾ

single-img
17 December 2020

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ വിവാദ കാര്‍ഷിക നിയമങ്ങളുടെ ബില്‍ കീറിയെറിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയില്‍ ഇന്ന് നടന്ന പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്.

ഈ ബില്‍ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതല്ലെന്നും പകരം ബിജെപിയുടെ തെരഞ്ഞെടുപ്പിന് ധനസഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ‘ഈ കൊവിഡ് കാലത്ത് ഇത്ര തിടുക്കപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട ആവശ്യം എന്തായിരുന്നു? ചരിത്രത്തിലാദ്യമായാണ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബില്‍ നിയമമാകുന്നത്.

അതുകൊണ്ടുതന്നെ ഈ മൂന്ന് ബില്ലുകളും ഞാന്‍ കീറിയെറിയുന്നു. കൂടാതെ കേന്ദ്രത്തോട് ഒരു നിര്‍ദ്ദേശം കൂടി, ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴരുത് നിങ്ങള്‍’, കെജ്‌രിവാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നത് കര്‍ഷകരുമായി ചര്‍ച്ചകള്‍ക്ക് സാധ്യത ഉണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.