സുരേന്ദ്രൻ രാജി വെക്കണം; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയിൽ തമ്മിൽ തല്ല്

single-img
17 December 2020

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരാജയത്തിന്റെ പേരിൽ ബിജെപിയിൽ തമ്മിൽ തല്ല് ആരംഭിച്ചു. കോർ കമ്മിറ്റിയോ ഇലക്ഷൻ കമ്മിറ്റിയോ ചേരാതെ മാനിഫെസ്റ്റോ പോലും ഇറക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സാഹചര്യത്തിൽ ബിജെപിയുടെ പരാജയം ചർച്ച ചെയ്യാൻ അടിയന്തരമായി സംസ്ഥാന കമ്മിറ്റിയും, ഭാരവാഹി യോഗവും വിളിക്കണം എന്നാണ് എതിർ പക്ഷത്തിന്റെ ആവശ്യം .

തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സുരേന്ദ്രൻ രാജി വെക്കണമെന്ന് കൃഷ്ണദാസ്- ശോഭ സുരേന്ദ്രൻ ടീം കേന്ദ്ര നേതൃത്വത്തോട് ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു എന്നാണറിയുന്നത്. കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി എല്ലാ വിഭാഗത്തെയും ഒന്നിച്ചു കൊണ്ടുപോകാൻ ഗ്രൂപ്പിന് അതീതമായ ഒരു വ്യക്തിയെ പ്രസിഡന്റ് ആക്കണമെന്നാണ് ഇവർ ഉയർത്തുന്ന ആവശ്യം .

ഇരു വിഭാഗങ്ങളും അടുത്ത ദിവസങ്ങളിൽ ഗ്രൂപ്പ് യോഗങ്ങൾ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപി രൂപികരിച്ചു 40 വർഷത്തിനിടയിൽ വന്ന ഏറ്റവും അനുകൂല സുവർണ്ണാവസരം നഷ്ടപ്പെടുത്തിയ നേതാവാണ് കെ സുരേന്ദ്രൻ എന്നാണ് വിമർശനം. അതേസമയം ശോഭ സുരേന്ദ്രൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതാണ് ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന കാരണങ്ങളിൽ ഒന്നായി മുതിർന്ന നേതാക്കൾ വിലയിരുത്തന്നത്. ഈ സാഹചര്യത്തിൽ സുരേന്ദ്രനെ വെച്ച് നിയമസഭാ തെരെഞ്ഞെടുപ്പ് നേരിട്ടാൽ വലിയ തിരിച്ചടി തന്നെയാവും ബിജെപിക്ക് നേരിടേണ്ടി വരുക.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അവഗണിച്ചും അവഹേളിച്ചും പ്രചരണരംഗത്ത് നിന്ന് അകറ്റി നിർത്തിയും സുരേന്ദ്രൻ തൻപ്രമാണിത്തം കാണിക്കുകയായിരുന്നു എന്നാണ് ആരോപണം. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ പക്വത സുരേന്ദ്രനില്ലെന്നു തെളിഞ്ഞിരിക്കുകയാണെന്നും .

വെൽഫെയർ പാർട്ടിയും യുഡിഎഫും ഉണ്ടാക്കിയ സഖ്യം എൽഡിഎഫ് പ്രചാരണ വിഷയമാക്കിയപ്പോൾ എൽഡിഎഫിന്റെ എസ് ഡി പി ഐ യുമായുള്ള സഖ്യമോ യുഡിഎഫ് വെൽഫെയർ പാർട്ടി സഖ്യമോ ബിജെപി പ്രചരണവിഷയമാക്കിയില്ലെന്നും, സ്വർണ്ണകള്ളക്കടത്തും ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് കേസും മാത്രമാണ് തെരെഞ്ഞെടുപ്പിൽ ബിജെപി വിഷയമാക്കിയതെന്നും സുരേന്ദ്രന്റെ എതിരാളികൾ ആരോപിക്കുന്നു.