സമരത്തിൽ ഇടപെടില്ല, കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്: സുപ്രീം കോടതി

single-img
17 December 2020

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്ര കാലം വേണമെങ്കിലും സമരം ചെയ്യാം. എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം തടയുന്ന രീതിയില്‍ സമരം ചെയ്യരുതെന്നും സുപ്രീംകോടതി പറഞ്ഞു. കര്‍ഷകര്‍ പിടിവാശി കാണിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ സര്‍ക്കാറിനെ കുറിച്ച് കര്‍ഷകര്‍ക്കും ഇതേ നിലപാടാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കര്‍ഷക സമരത്തിനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കര്‍ഷക സമരത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകണം. അതിന് കേന്ദ്രവും കര്‍ഷകരും തമ്മില്‍ ചര്‍ച്ച തുടരണം. ഇതിനായി സ്വതന്ത്ര സമിതിയെ നിയോഗിക്കണം. പി. സായിനാഥിനെ പോലെ കാര്‍ഷിക മേഖലയില്‍ അവഗാഹമുള്ളവര്‍, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളായുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മാത്രമല്ല കര്‍ഷകരുടെ ആവശ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ആറ് മാസത്തേക്കുള്ള കരുതലുകളുമായാണ് കര്‍ഷകര്‍ വന്നത്. യുദ്ധകാലത്താണ് ഇത്തരം ഉപരോധങ്ങള്‍ കാണാറെന്നും കേന്ദ്രത്തിനായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.