കരുത്തുറ്റ തീരുമാനമെടുക്കാൻ കഴിവുള്ള കെ മുരളീധരനെ വിളിക്കൂ കേരളത്തിൽ കോൺഗ്രസ്സിനെ രക്ഷിക്കൂ; കോഴിക്കോട്​ മുരളീധരൻ അനുകൂല പോസ്​റ്റർ

single-img
17 December 2020

കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ കരുത്തുറ്റ തീരുമാനമെടുക്കാൻ കഴിവുള്ള കെ. മുരളീധരനെ ചുമതല ഏൽപ്പിക്കുക എന്ന വാചകവുമായി കോഴിക്കോട് പോസ്റ്ററുകൾ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന്​ പിന്നാലെയാണ് കെ. മുരളീധരൻ എം.പിയെ അനുകൂലിച്ചും കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമർശിച്ചും കോഴിക്കോട്​ പോസ്​റ്റർ പതിച്ചത്. ‘കെ. മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ’ എന്നാണ്​ പോസ്​റ്ററിൽ എഴുതിയിരിക്കുന്നത്​. പാർട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കാൻ പ്രവർത്തകർക്ക്​ ഊർജം പകരാൻ മുരളീധരൻെറ കൈകളിൽ അധികാരംഅധികാരം വര​ട്ടെ എന്നും പോസ്​റ്ററിൽ പറയുന്നു.

സ്​ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട്​ വിവിധ ഇടങ്ങളിൽ​ തർക്കങ്ങളുണ്ടായിരുന്നു. ഇതിൽ മുരളീധരൻെറയും മുല്ലപ്പള്ളിയുടെയും നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കെ. മുരളീധരൻ രംഗത്തെത്തുകയും ചെയ്​തിരുന്നു.

ചില നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ കെ.പി.സി.സി ആസ്​ഥാനത്തും പോസ്​റ്റർ പതിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച രാഷ്​ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ്​ പോസ്​റ്റർ പതിച്ചിരിക്കുന്നത്​. കെ.പി.സി.സി ആസ്​ഥാനത്ത്​ കൂടാതെ തിരുവനന്തപുരത്ത്​ വിവിധ ഇടങ്ങളിൽ കോൺഗ്രസ്​ നേതൃത്വത്തിനെതിരെ പോസ്​റ്ററുകൾ പതിച്ചിട്ടുണ്ട്​.

തിരുവനന്തപുരത്ത്​ സീറ്റ്​ കച്ചവടം നടന്നുവെന്നാണ്​ നേതൃത്വത്തിനെതിരായ പോസ്​റ്ററിലെ പ്രധാന ആരോപണം. മുൻ മന്ത്രി വി.എസ്​. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്​ചന്ദ്ര പ്രസാദ്​ എന്നിവരെ പുറത്താക്കണമെന്നാണ്​ പ്രധാന ആവശ്യം.