വയറ് വീർത്തപ്പോഴേക്കും ഭാര്യ വേദന കൊണ്ട് കരയാൻ തുടങ്ങി, കുറച്ച് കഴിഞ്ഞപ്പോൾ മരണപ്പെട്ടു; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി നൽകാത്തതിനാൽ ഡോക്ടർ മനപ്പൂർവ്വം വരുത്തിയ അനാസ്ഥയെന്ന് ആരോപണം

single-img
16 December 2020

വന്ധ്യം കരണ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഒഡീഷ ജഗത്സിംഗ്പുരിലെ എരസമ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ ബിന്ദുലത എന്ന യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതിയുമായി ഭർത്താവ്. ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഡോക്ടർ മനപ്പൂർവ്വം വരുത്തിയ അനാസ്ഥയാണ് ഭാര്യയുടെ മരണത്തിനിടയാക്കിയതെന്ന് കാട്ടിയാണ് ഭർത്താവ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സർജറിക്ക് മുന്നോടിയായി ക്ലിനിക്കിലെ ഡോക്ടറായ പ്രതാപ് കേശരി റൗത്ത് തന്നോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നാണ് സ്ത്രീയുടെ ഭര്‍ത്താവ് ത്രിലോചൻ ആരോപിക്കുന്നത്. പണം നല്‍കില്ലെന്ന് താൻ അറിയിച്ചതോടെ ചട്ടങ്ങൾ ലംഘിച്ച് ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരം ശസ്ത്രക്രിയകള്‍ നടത്താനുള്ള മുൻപരിചയം ഡോക്ടർക്ക് ഉണ്ടായിരുന്നില്ല. നടപടിക്രമങ്ങൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ മതിയായ സംവിധാനങ്ങളും ഹെൽത്ത് സെന്‍ററിൽ ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.

‘രാവിലെ 11 മണിക്കാണ് ഭാര്യയ്ക്ക് മയങ്ങുന്നതിനായി ഇൻഞ്ചക്ഷൻ നല്‍കിയത്. അതിനു ശേഷം എന്നോട് കൈക്കൂലി ആവശ്യപ്പെട്ടു. ഞാൻ നിരസിച്ചതോടെ സർജറി മനപ്പൂർവ്വം വൈകിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സർജറി നടന്നത്’ ത്രിലോചൻ പറയുന്നു. ശസ്ത്രക്രിയ നടത്താൻ വേണ്ട അവശ്യ ഉപകരണങ്ങൾ പോലും ഉണ്ടായിരുന്നില്ല. ഒരു സൈക്കിള്‍ പമ്പാണ് ഭാര്യയുടെ വയറ് വീർപ്പിച്ച് നിർത്താൻ ഉപയോഗിച്ചതെന്നും ഇയാൾ ആരോപിക്കുന്നു.

‘വയറ് വീർത്തപ്പോഴേക്കും ഭാര്യ വേദന കൊണ്ട് കരയാൻ തുടങ്ങി. അൽപസമയം കഴിഞ്ഞപ്പോൾ മരിക്കുകയും ചെയ്തു. ഇതിനുശേഷം ഡോ.റൗത്തും അദ്ദേഹത്തിന്‍റെ സഹായികളും ഉൾപ്പെടെ അവിടെ നിന്നും കടന്നു കളഞ്ഞു’ ത്രിലോചൻ പരാതിയിൽ പറയുന്നു. ഡോ. റൗത്തിനും മറ്റ് ചില ആരോഗ്യ പ്രവർത്തകർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.