ഭാര്യ മരിച്ചു ഇന്നലെ 16 ആയിരുന്നു; എട്ടും പൊട്ടും തിരിയാത്ത മൂന്ന് കുരുന്നുകൾ വീട്ടിലുണ്ട്, അവരെ അമ്മമ്മയുടെ അടുത്താക്കി പോന്നതാണ് സാറേ!; തെരഞ്ഞെടുപ്പ് ബൂത്തിൽ സഹായിയായി കൂടെയുണ്ടായിരുന്ന തിരുവാലിക്കാരൻ ദിനേശിനെക്കുറിച്ച് വാഹിദ് വാഴക്കാട്

single-img
16 December 2020

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെടുത്ത ബൂത്തിൽ, സഹായിയായി കൂടെയുണ്ടായിരുന്ന, ട്രോമാകെയർ വളണ്ടിയർ തിരുവാലിക്കാരൻ ദിനേശ്. ഭാര്യ മരിച്ചു 16 ചടങ്ങുകൾ പൂർത്തിയാക്കി നേരെ ഡ്യൂട്ടിക്ക് വന്നവൻ. ഒത്തിരി ആകാംക്ഷയും ആശങ്കയും ഉള്ളിലൊളിപ്പിച്ച്, വരണ്ടൊട്ടിയ തൊണ്ടയും തളർന്ന മുഖവുമായി, പെട്ടികളും താങ്ങിപ്പിടിച്ച് ബൂത്തിലെത്തിയപ്പോൾ ആവേശത്തോടെ ഓടിവന്നു സ്വീകരിച്ച ചെറുപ്പക്കാരനെക്കുറിച്ച് വാഹിദ് വാഴക്കാടിന്റെ ഫേസ്ബുക് പോസ്റ്റ്.

വാഹിദ് വാഴക്കാടിന്റെ ഫേസ്ബുക്കുറിപ്പിന്റെ പൂർണ്ണരൂപം :

കരഞ്ഞുപോയ നേരം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെടുത്ത ബൂത്തിൽ, സഹായിയായി കൂടെയുണ്ടായിരുന്ന, ട്രോമാകെയർ വളണ്ടിയർ തിരുവാലിക്കാരൻ ദിനേശിൻ്റെ മുഖമാണ് മനസ്സുനിറയെ..

ഒത്തിരി ആകാംക്ഷയും ആശങ്കയും ഉള്ളിലൊളിപ്പിച്ച്, വരണ്ടൊട്ടിയ തൊണ്ടയും തളർന്ന മുഖവുമായി, പെട്ടികളും താങ്ങിപ്പിടിച്ച് ബൂത്തിലെത്തിയപ്പോൾ ആവേശത്തോടെ ഓടിവന്നു സ്വീകരിച്ച ചെറുപ്പക്കാരൻ.

പൊടിപിടിച്ച ക്ലാസ് റൂമുകൾ അടിച്ചു വൃത്തിയാക്കാനും ചിതറിത്തെറിച്ചു കിടന്ന ഡെസ്ക്കുകളും ബെഞ്ചുകളും അടുക്കി വെക്കാനും പോളിംഗ് ബൂത്ത് ക്രമീകരിക്കാനും മടിയേതുമില്ലാതെ ഊർജ്ജസ്വലനായി ഓടിനടന്നപ്പോൾ തന്നെ എൻറെ ശ്രദ്ധയാകർഷിച്ചിരുന്നു.

സെൻട്രിംഗ് പണിക്കാരനാണ്. ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യം ട്രോമാകെയറുമായി ബന്ധപ്പെട്ട സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ്.

ഇത്തിരിനേരം ഒഴിവു കിട്ടിയപ്പോൾ എൻ്റെ അരികിൽ വന്നു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാത്തിനും ഞാൻ കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ചു.

”സാറിനു വെള്ളം വേണോ,

ചായ വേണോ”, ”ഭക്ഷണം കഴിച്ചോ” എന്നു തുടങ്ങി സ്നേഹത്തിൽ ചാലിച്ച നൂറുകൂട്ടം ചോദ്യങ്ങൾ എൻറെ നേരെ എറിഞ്ഞു.

ഉച്ചഭക്ഷണത്തിന് നേരമായപ്പോൾ ബൈക്ക് എടുത്തുവന്നു എന്നെ ഹോട്ടലിൽ കൊണ്ടുപോയി. എനിക്കു നിസ്കരിക്കാൻ സമയമായി എന്നറിഞ്ഞപ്പോൾ എന്നെയും കൊണ്ട് ദിനേശ് പള്ളിയിൽ പോയി.

“മമ്പാട് കോളേജിലെ സാറാണല്ലേ.. എനിക്കൊന്നും ചെറുപ്പത്തിൽ പഠിക്കാനായില്ല. സാക്ഷരതാ മിഷൻ്റെ എസ് എസ് എൽ സി പ്രൈവറ്റായി എഴുതി. പ്ലസ് ടു എഴുതാൻ ഒരുങ്ങുമ്പോൾ കൊറോണ വന്നു തൽക്കാലം നിന്നു പോയി”.

നാളത്തേക്കുള്ള ഇലക്ഷൻ പേപ്പറുകളും കവറുകളും ഒരുക്കിവെച്ച് ഉറങ്ങാനൊരുങ്ങുമ്പോൾ ദിനേശിനെ ഒന്ന് പരിചയപ്പെട്ടു. ഓരോ ചോദ്യത്തിനും ചടുലമായ ഉത്തരങ്ങൾ. ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്നൊരു നിശബ്ദത! “സാറേ, ഒരു ട്രാജഡിയുണ്ട്”.

ഭാര്യ മരിച്ചുപോയി. ഇന്നലെ 16 ആയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി നേരെ ഡ്യൂട്ടിക്ക് പോന്നതാണ്. പറഞ്ഞുതീരും മുമ്പ് മുമ്പ് അവൻറെ തൊണ്ടയിടറി. കണ്ണുനിറഞ്ഞു. സങ്കടം സഹിക്കാനാവാതെ ഞാനും പരുങ്ങിപ്പോയി.

പനിയും ക്ഷീണവും അധികമായപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോയതായിരുന്നു. ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടയിൽ എൻറെ തോളിൽ ചാരിയിരുന്ന അവൾ പെട്ടെന്ന് തളർന്നു വീണു. എന്നെന്നേക്കുമായി എന്നെ വിട്ടുപോയി!

എട്ടും പൊട്ടും തിരിയാത്ത മൂന്ന് കുരുന്നുകൾ വീട്ടിലുണ്ട്. അവരെ അമ്മമ്മയുടെ അടുത്താക്കി പോന്നതാണ് സാറേ! മൂത്തവന് 12 വയസ്സ്.

അവനു താഴെ, അമ്മയെവിടെപ്പോയ് എന്നറിയാതെ രണ്ടു പിഞ്ചു മക്കൾ!

നെഞ്ചിനകത്ത് കത്തിപ്പടരുന്ന തീയും ഒരു കടലോളം കണ്ണീരുമായി നിൽക്കുമ്പോഴും, അതുവരെ ഉന്മേഷത്തോടെ എൻറെ മുമ്പിൽ ചിരിച്ചുനടന്ന ദിനേശിനെ ഞാൻ അറിയാതെ വാരിപ്പുണർന്നു.

‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു’ എന്ന എൻറെ ചോദ്യത്തിന് “ആ വീട്ടിൽ ഇരിക്കാൻ വയ്യ സാറേ” എന്നായിരുന്നു മറുപടി!

തൻറെ വളണ്ടിയർ ജീവിതത്തിൽ ചോരയും കണ്ണീരും ഒത്തിരി കണ്ട ദിനേശ്, പക്ഷേ ഇത്തവണ ശരിക്കും പതറിപ്പോയി!

ദിനേശിനും മൂന്ന് കുരുന്നുകൾക്കും സമാധാനമുണ്ടാകട്ടെ എന്ന പ്രാർഥനയാണ് മനസ്സു നിറയെ…🤲

ഒപ്പം, ചിറകടിച്ചു പറന്നു പോയ സഹധർമ്മിണിക്ക് നിത്യശാന്തിയും…💐💐💐

Vahid Vazhakkad

വാഹിദ് വാഴക്കാടിന്റെ  ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം