കര്‍ഷക സമരം: മോദി മനസുവെച്ചാല്‍ പ്രശ്‌നം അഞ്ച് മിനുട്ട് കൊണ്ടും പരിഹരിക്കാം: സഞ്ജയ് റാവത്ത്

single-img
16 December 2020

കര്‍ഷകര്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പ്രധാനമന്ത്രി ഒന്ന് ഇടപെട്ടാല്‍ തീരാവുന്നതേയുള്ളുവെന്ന് ശിവസനേ നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. തുടര്‍ച്ചയായ 21 ദിവസമായി തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.

‘തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയാല്‍ അരമണിക്കൂര്‍ കൊണ്ട് കേന്ദ്ര സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. വേണമെന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി മോദിയൊന്ന് മനസുവെച്ചാല്‍ പ്രശ്‌നം അഞ്ച് മിനുട്ട് കൊണ്ടും പരിഹരിക്കാം,’ സഞ്ജയ് റാവത്ത് പറഞ്ഞു.

പ്രതിഷേധിക്കുന്നത് രാജ്യത്തെ പൌരന്മാരായ കര്‍ഷകരാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പായും അവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നം വലിച്ച് നീട്ടിയെന്നും ഇങ്ങനെ വലിച്ചിഴക്കുന്നത് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം കൊവിഡിന്റെ പേരില്‍ പാര്‍ലമെന്റിലെ ശീത കാല സമ്മേളനം മാറ്റിവെച്ച സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.