അനുകൂല സാഹചര്യമുണ്ടായിട്ടും നേട്ടമുണ്ടാക്കാനായില്ല; ഇടതു വിജയം അംഗീകരിക്കുന്നു: കെ സുധാകരന്‍

single-img
16 December 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം പി കെ സുധാകരന്‍. എല്‍ഡിഎഫിന് സംഭവിച്ച ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. യുഡിഎഫിന് നിലവില്‍ സംഘടനാ ദൗര്‍ബല്യമുണ്ട്.

സംസ്ഥാനത്താകെ അനുകൂല സാഹചര്യമുണ്ടായിട്ടും യുഡിഎഫിന് അതില്‍ നിന്നും നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഭരണത്തിലുണ്ടായ പോരായ്മകളെ ജനസമക്ഷം എത്തിക്കുന്നതില്‍ പലപ്പോഴും പരിമിതിയുണ്ടായി. ജംബോ കമ്മിറ്റികളും ഇതില്‍ ഗുണം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

നിലവില്‍ കണ്ണൂരില്‍ യുഡിഎഫിന് കോര്‍പറേഷനും നഷ്ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാനായി. സിപിഎം വര്‍ഗീയ പാര്‍ട്ടികളുമായി സന്ധിചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.