കര്‍ഷക പ്രക്ഷോഭം; ഡൽഹിയിൽ പൊലീസ് വിന്യാസം ശക്തമാക്കുന്നു; കര്‍ഷകരുടെ വരവ് തടയുകയാണ് ലക്ഷ്യം; ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ കര്‍ഷകസംഘടനകള്‍

single-img
16 December 2020
farmers protest updates

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് പോലീസ് നീക്കം.

അതിര്‍ത്തികള്‍ അടച്ചാലും കര്‍ഷകര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചിട്ടില്ല. ദീര്‍ഘമായ വഴികളിലൂടെ സഞ്ചരിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിന് എത്തുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓരോ ദിവസവും എത്തുന്നത്.

അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം 21ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുന്നു.
ഡല്‍ഹി – നോയിഡ അതിര്‍ത്തിയായ ചില്ല കര്‍ഷകര്‍ പൂര്‍ണമായി ഉപരോധിച്ചു. രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ള കര്‍ഷക സംഘങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ എത്തുകയാണ്.

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ കര്‍ഷകസംഘടനകള്‍ ഒരുങ്ങുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 20 ന് രാജ്യത്തെ ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലി സഭകള്‍ നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. കാര്‍ഷിക പ്രക്ഷോഭത്തിനിടെ മരണപ്പെട്ടവര്‍ക്ക് ആദരസൂചകമായാണ് ശ്രദ്ധാഞ്ജലി സഭകള്‍ സംഘടിപ്പിക്കുന്നത്.

20 ദിവസങ്ങള്‍ പിന്നിട്ട് 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ദേശീയ കര്‍ഷക പ്രക്ഷോഭം. ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് ഇന്നും തുടരും. രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകള്‍ അടക്കമുള്ള കര്‍ഷകസംഘങ്ങളും ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ ഭാഗമാകുന്നുണ്ട്.

ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് കര്‍ഷകരുടെ നിലപാട്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.