കേന്ദ്രസര്‍ക്കാര്‍ എല്ലായ്പ്പോഴും കര്‍ഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

single-img
15 December 2020

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. അനേക വര്‍ഷങ്ങളായി കാര്‍ഷിക സംഘടനകളും പ്രതിപക്ഷവും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പരിഷ്‌കാരങ്ങളെന്ന് മോദി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എല്ലായ്പ്പോഴും കര്‍ഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ രാജ്യത്തെ പ്രതിപക്ഷത്തുള്ളവരും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നവരും അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഈ പരിഷ്‌കാരങ്ങളോട് അനുകൂല നിലപാടുള്ളവരായിരുന്നു. അവര്‍ക്ക് അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഒരു തീരുമാനം എടുക്കാന്‍ സാധിച്ചില്ല.

എന്നാല്‍ ഇന്ന് രാജ്യം ചരിത്രപരമായ ചുവടുവെപ്പ് നടത്തുമ്പോള്‍ ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്- മോദി പറഞ്ഞു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഡല്‍ഹിയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നല്ലരീതിയിലുള്ള കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുമ്പോള്‍ കര്‍ഷകരുടെ ഭൂമി മറ്റുള്ളവര്‍ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.