പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍; കൊവിഡ് വ്യാപനം തടയാനെന്ന് വിശദീകരണം

single-img
15 December 2020

രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ ശീതകാല സമ്മേളനം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്. രാജ്യത്തെ എല്ലാ പാര്‍ട്ടികളും തീരുമാനത്തെ അനുകൂലിച്ചെന്ന് പ്രഹ്ലാദ് ജോഷിഅറിയിച്ചു.

എന്നാല്‍ ഇതിന് പിന്നാലെ ഈ നിര്‍ണായകമായ തീരുമാനം തങ്ങളെ അറിയിക്കാതെയാണ് എടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കത്ത് നല്‍കിയിരുന്നു.

ഈ കത്തിന് മറുപടിയായാണ് ശീതകാല സമ്മേളനം ഉപേക്ഷിച്ച വിവരം പ്രഹ്ലാദ് ജോഷി അറിയിച്ചത്. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടയിലാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.