ഖത്തറില്‍ ഡിസംബര്‍ 18 മുതല്‍ 200ന്‍റെ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍ വരുന്നു

single-img
13 December 2020

ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ഖത്തരി റിയാല്‍ കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഇത്തവണത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18 വെള്ളിയാഴ്ച മുതല്‍ 200ന്‍റെ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍ വരും.

ഖത്തരി റിയാല്‍ ബാങ്ക് നോട്ടുകളുടെ അഞ്ചാം സീരീസില്‍ പുതിയ ഇരുന്നൂറിന്റെ നോട്ടും പുതിയ ഡിസൈനുകളിലുള്ള മറ്റ് നോട്ടുകളുമാണ് ഇത്തവണ പുറത്തിറക്കിയത്.അടുത്ത മൂന്നുമാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഖത്തരി റിയാലിന്റെ പഴയ കറന്‍സികള്‍ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിന് ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നോ മാറ്റി വാങ്ങാം.

ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ആല്‍ഥാനിയുടെ കൊട്ടാരം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് എന്നിവയുടെ ചിത്രങ്ങള്‍ പതിപ്പിച്ചതാണ് 200 റിയാലിന്റെ പുതിയ നോട്ട്.ഇപ്പോള്‍ നിലവിലുള്ള 1,5,10,50,100,500 എന്നീ ഖത്തരി റിയാല്‍ നോട്ടുകള്‍ പുതിയ ഡിസൈനുകളില്‍ പുറത്തിറക്കി.

രാജ്യത്തിന്റെ പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സസ്യജീവജാലങ്ങള്‍, വിദ്യാഭ്യാസം, കായികം, സമ്പദ് വ്യവസ്ഥയുടെ പുരോഗതി എന്ന ഉള്‍ക്കൊള്ളുന്നതാണ് നോട്ടിന്റെ പിന്നിലെ ഡിസൈന്‍. അതേപോലെ തന്നെ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തൊട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് നോട്ടിലെ മൂല്യങ്ങളും തിരശ്ചീന രേഖകളും അച്ചടിച്ചിരിക്കുന്നത്.