ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാൽ അവർക്ക് ഇഷ്ടപ്പെടുന്നില്ല: ജാതീയ പരാമർശവുമായി പ്രജ്ഞാ സിങ് ഠാക്കൂർ

single-img
13 December 2020
BJP MP Pragya Singh Thakur casteist

ജാതീയ പരാമർശവുമായി ബിജെപി എംപിയും നിരവധി സ്ഫോടനക്കേസുകളിലെ പ്രതിയുമായ പ്രജ്ഞാ സിങ് ഠാക്കൂർ (BJP MP Pragya Singh Thakur). ശൂദ്രരെ (Shudra) ശൂദ്രരെന്ന് വിളിച്ചാൽ അവർക്ക് ഇഷ്ടപ്പെടാത്തതെന്തെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പ്രജ്ഞ പറഞ്ഞത്. മധ്യപ്രദേശിലെ സെഹോറിൽ (Sehor) ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു പ്രജ്ഞയുടെ വിവാദപരാമർശം.

“ഒരു ക്ഷത്രിയനെ ക്ഷത്രിയനെന്ന് വിളിച്ചാൽ പ്രശ്നമില്ല, ബ്രാഹ്മണനെ ബ്രാഹ്മണനെന്ന് വിളിച്ചാൽ പ്രശ്നമില്ല, വൈശ്യനെ വൈശ്യനെന്ന് വിളിച്ചാലും പ്രശ്നമില്ല. പക്ഷേ ഒരു ശൂദ്രനെ ശൂദ്രനെന്ന് വിളിച്ചാൽ അവർക്ക് പ്രശ്നമാണ്. എന്താണ് കാരണം? മനസിലാകുന്നില്ല”

പ്രജ്ഞാ സിങ് പറഞ്ഞു.

മുൻപും നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ളയാളാണ് പ്രജ്ഞാ സിങ് ഠാക്കൂർ. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെ(Godse)യെ നിരവധി തവണ പുകഴ്ത്തിയിട്ടുള്ള പ്രജ്ഞ പാർലമെൻ്റിൽ ഒരു ചർച്ചയ്ക്കിടെ ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. താൻ കൂടി പ്രതിയായ മാലേഗാവ് സ്ഫോടനക്കേസ് അൻവേഷിച്ച ഹേമന്ത് കാർക്കറേ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് തൻ്റെ ശാപം മൂലമാണെന്ന പ്രജ്ഞയുടെ പ്രസ്താവനയും വിവാദമായിരുന്നു.

മലേഗാവ് സ്ഫോടനം(Malegaon Blast), അജ്മീർ ദർഗ സ്ഫോടനം(Ajmer Dargah Blast) എന്നിങ്ങനെ നിരവധി തീവ്രവാദക്കേസുകളിലെ പ്രധാനപ്രതിയാണ് പ്രജ്ഞാ സിങ് ഠാക്കൂർ. സംഝോത എക്സ്പ്രസ് സ്ഫോടന(Samjhauta Express Blast)ത്തിലും ഇവർക്ക് പങ്കുള്ളതായി മൊഴികൾ ഉണ്ടായിരുന്നു.

Content: ‘Shudras feel bad on being called Shudras’: BJP MP Pragya Thakur courts controversy with casteist remarks