സൗജന്യ കോവിഡ് വാക്സിൻ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം: മുഖ്യമന്ത്രിയ്ക്കെതിരെ യുഡിഎഫ് പരാതി നൽകി

single-img
13 December 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വാക്സിൻ (Covid 19 Vaccine)സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ(Pinarayi Vijayan) പ്രഖ്യാപനം തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നാരോപിച്ച് യുഡിഎഫ്(UDF). ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ(Election Commission) സമീപിച്ചു. 

കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് വാക്സിൻ ലഭ്യമായാൽ  സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെസി ജോസഫ് എംഎൽഎ(KC Joseph MLA) സംസ്ഥാന ഇലക്ഷൻ കമ്മീഷന് നോട്ടീസ് നൽകി. മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസനും (MM Hasan) ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി(BJP)യും രംഗത്തെത്തിയിട്ടുണ്ട്. 

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ പുറത്ത് വന്നത്. ഇത് ഈ ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ ആരോപണം. 

Content: Opposition UDF moves Election Commission against Kerala CM Pinarayi Vijayan’s free Covid vaccine offer