അമിത് ഷാ ബംഗാളിലേക്ക് ആരെ കൊണ്ടുവന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല: മഹുവ മൊയ്ത്ര എംപി

single-img
13 December 2020

പശ്ചിമ ബംഗാളിൽ നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബിജെപിയുടെ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനത്തിന്‍റെ നേര്‍ക്ക് നടന്ന ആക്രമണത്തിന് പിന്നാലെ ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിപ്പിച്ചത് സംസ്ഥാന പോലീസ് സേനയെ ഭയപ്പെടുത്തി ബിജെപിയുടെ ശിങ്കിടികളാക്കാനുള്ള ശ്രമമാണെന്നും മൊയ്ത്ര ആരോപിച്ചു.

അമിത് ഷാ ആരെവേണമെങ്കിലും ബംഗാളിലേക്ക് കൊണ്ടുവരട്ടെ, എന്നാലും തങ്ങള്‍ക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ” നിങ്ങള്‍ നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ മിസ്റ്റര്‍ ഷാ- എന്നാല്‍ സത്യമായിട്ടും ഞങ്ങള്‍ക്കതൊന്നും ഒരു വിഷയമേ അല്ല” മഹുവ മൊയ്ത്ര പറഞ്ഞു.

ബംഗാളിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി ബംഗാളില്‍ അട്ടിമറി നടത്താനാണ് അമിത് ഷാ പദ്ധതിയിടുന്നതെന്ന് നേരത്തെ തന്നെ തൃണമൂല്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സര്‍ക്കാരിനെതിരെ തിരിയുന്നതിന് രാഷ്ട്രീയ നടപടികളിലൂടെ ബിജെപി നിര്‍ബന്ധിക്കുന്നുവെന്നും ഇത്തരം നടപടിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണെന്നും നേരത്തെ തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞിരുന്നു.