നായയെ കാറിന്‍റെ പിന്നിൽ കെട്ടിവലിക്കാന്‍ കാരണം മതപരമായി നിഷിദ്ധമായ മൃഗമായതിനാല്‍; വിവാദ പരാമര്‍ശവുമായി യുക്തിവാദി രവിചന്ദ്രൻ

single-img
13 December 2020

എറണാകുളം പറവൂരിൽ നായയെ കാറിനു പിന്നിൽ കെട്ടിവലിച്ച സംഭവം വലിയ വാര്തയാവുകയും പോലീസ് നടപടി എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭത്തില്‍ മതവിശ്വാസത്തെ കുറ്റപ്പെടുത്തി യുക്തിവാദി സി രവിചന്ദ്രൻ രംഗത്തെത്തി.

മതം എന്നത് മനുഷ്യന്റെ മനസിനെ എത്രത്തോളം മലിനപ്പെടുത്തുന്നുവെന്നതിന്റെ തെളിവാണിത് എന്ന് അദ്ദേഹം പറയുന്നു. മതപരമായി നായ നിഷിദ്ധമായ മൃഗമായതിനാലാണ് പ്രതി ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നും രവിചന്ദ്രൻ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

“ഇവിടെ നായയെ തെരുവില്‍ നിന്നു എടുത്തു വളര്‍ത്തിയ മനുഷ്യന്‍ മൃഗങ്ങളോട് സ്‌നേഹം ഉള്ളവനാണ്. പക്ഷെ ചുറ്റുപാടുമുള്ള മതജീവികള്‍ ഉയര്‍ത്തിയ പ്രതിരോധവും മതം അനുശാസിക്കുന്ന പൊട്ടത്തരങ്ങള്‍ പാലിക്കാനുള്ള അമിത വ്യഗ്രതയും അയാളെ അന്ധനാക്കി. ആ സാധുജീവിയെ ഒന്നിലധികംതവണ ഉപേക്ഷിച്ചു. ആദ്യ ശ്രമങ്ങള്‍ പരാജയപെട്ടപ്പോള്‍ വീണ്ടും തിരിച്ചുവരാത്തവിധം ദൂരെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നു. മതപരമായി നായ ‘നിഷിദ്ധ മൃഗ’മായതിനാല്‍ അതിനെ കാറിനുള്ളില്‍ കയറ്റാതെ കെട്ടിവലിച്ച് കൊണ്ടുപോകുന്നു.

ഒരുപക്ഷെ അയാള്‍ക്ക് പോലും കണ്ടുനില്‍ക്കാനാവാത്ത ആ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത് അയാളും ചുറ്റുമുള്ളവരും ഉപാധികളില്ലാതെ വെട്ടിവിഴുങ്ങിയ മതം എന്ന വൈകാരികമാലിന്യമാണ്. അത് മാത്രം നീക്കംചെയ്താല്‍ ഈ ക്രൂരത കാണിച്ച വ്യക്തി മറ്റെന്ത് മോശം പ്രവര്‍ത്തി ചെയ്താലും ഇതു ചെയ്യില്ല. മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. സത്യത്തില്‍ ആ മനുഷ്യനെയും കുറ്റപെടുത്താന്‍ തോന്നുന്നില്ല. അയാള്‍ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ് “- എന്നും രവിചന്ദ്രന്‍ പറയുന്നു.