അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിൽ ബിജെപി ആക്രമണം; സെക്യൂരിറ്റി ക്യാമറകൾ തകർത്തു

single-img
13 December 2020

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളി(Arvind Kejriwal)ൻ്റെ വസതിയുടെ നേർക്ക് ബിജെപി(BJP) പ്രവർത്തകരുടെ ആക്രമണം. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് പുറത്ത് പ്രതിഷേധിച്ചുകൊണ്ടിരുന്ന ബിജെപി പ്രവർത്തകർ പെട്ടെന്ന് അക്രമാസക്തരാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അക്രമാസക്തരായ ബിജെപി പ്രവർത്തകർ വസതിയ്ക്ക് മുന്നിലെ സെക്യൂരിറ്റി ക്യാമറകൾ അടിച്ച് തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന ഡൽഹിയിലെ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ആവശ്യത്തിന് ഫണ്ട് നൽകുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ തിങ്കളാഴ്ച മുതൽ പ്രതിഷേധ ധർണ നടത്തുകയായിരുന്നു.

വ്യാഴാഴ്ച ബിജെപി പ്രവർത്തകർ ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയയുടെ വീടിന് നേർക്കും ആക്രമണം നടത്തിയിരുന്നു. പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം.

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് അരവിന്ദ് കെജ്രിവാൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിൻ്റെ വസതിയ്ക്ക് നേരേ ആക്രമണം നടന്നിരിക്കുന്നത്.  പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരഭൂമിയില്‍ നിരാഹാരം സമരം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം തിങ്കളാഴ്ച താനും നിരാഹാരമനുഷ്ഠിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

Content: BJP Attack At Arvind Kejriwal’s Home, Security Cameras Broken