കാറിന്റെ പിന്നില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവം; കര്‍ശന നടപടി ആവശ്യപ്പെട്ട് മനേക ഗാന്ധി

single-img
12 December 2020

വളര്‍ത്തുനായയെ കാറിന്റെ പിന്നില്‍ ഡിക്കിയില്‍ കെട്ടിവലിച്ചിഴച്ച സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് കേന്ദ്രമന്ത്രി മനേക ഗാന്ധി. സംസ്ഥാന ഡിജിപിയേയും ആലുവ റൂറല്‍ എസ്പിയേയും മനേക ഗാന്ധി ഫോണില്‍ വിളിച്ചു.

അതേസമയം നായയെ വലിച്ചിഴക്കാനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്ത പോലീസ്, വാഹനത്തിന്‍റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ ആർടിഒക്ക് റിപ്പോർട്ട് നൽകി. സംഭവത്തില്‍ ഇന്നലെ തന്നെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊച്ചി നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

തൊട്ടു പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെക്കുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു.തുടര്‍ന്ന് സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന നെടുമ്പാശേരി സ്വദേശിയായ യൂസഫിനെ ഐ.പി.സി 428, 429 വകുപ്പുകൾ പ്രകാരം കേസ് എടുത്ത് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു.