തെരെഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം വർദ്ധിക്കും: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

single-img
12 December 2020
kk shailaja covid 19

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വൻ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

രോഗം കൂടുക എന്നാൽ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻ നിര്‍ത്തി ആശുപത്രികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സെൽഫ് ലോക്ക് ഡൗൺ പാലിക്കാൻ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളിൽ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

ലോക് ഡൗൺ ഒഴിവാക്കിയപ്പോൾ രോഗ നിരക്കിൽ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. അതിൽ അധികം ഉള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുൻകരുതൽ നടപടികൾ ഒരുക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വല്ലാതെ വ്യാപിച്ചാൽ സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കേണ്ടിവരും. 

ജനകീയ പോരാട്ടത്തിലൂടെയായിരുന്നു കേരളത്തിൽ കൊവിഡിനെ പിടിച്ച് നിർത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങൾ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. കേരളത്തിൽ പ്രകൃതി ദുരന്തവും പകർച്ചവ്യാധിയും ഉണ്ടായപ്പോൾ കേന്ദ്രം വേണ്ടത്ര സഹായിച്ചില്ലെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി. ആവശ്യപ്പെട്ട തുകയുടെ അടുത്ത് പോലും അനുവദിച്ച് കിട്ടിയിട്ടില്ല.  കേന്ദ്ര സർക്കാർ ആരോഗ്യമേഖലയിൽ 10 ശതമാനം തുകയെങ്കിലും മാറ്റിവയ്ക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു.