അതിവേഗ സെഞ്ച്വറിയുമായി പന്ത്; ഇന്ത്യക്ക് 472 റണ്‍സിന്റെ കൂറ്റന്‍ ലീഡ്

single-img
12 December 2020

ആസ്‌ട്രേലിയ എയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 384 എന്ന ശക്തമായ നിലയിലാണ്. ഇതോടുകൂടി ഇന്ത്യക്ക് 472 റണ്‍സിന്റെ കൂറ്റന്‍ ലീഡായി.

റിഷഭ് പന്തിന്റെയും ഹനുമ വിഹാരിയുടെയും സെഞ്ച്വറികളാണ് ഇന്നത്തെ ഹൈലൈറ്റ്. ഒന്നാം ദിനം ബൗളര്‍മാരാണ് കളം നിറഞ്ഞതെങ്കില്‍ രണ്ടാം ദിനം ബാറ്റ്‌സ്മാന്മാരുടെതായി മാറി. അതിവേഗം സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ ബാറ്റിങ്ങാണ് ഏവരെയും അമ്പരപ്പിച്ചത്. തീര്‍ത്തും മോശമായ ഫോമിന്റെ പേരില്‍ ഏകദിന-ടി20 ടീമില്‍ നിന്ന് പുറത്താക്കപ്പട്ട പന്ത് വിമര്‍ശകരെ കരയ്ക്കിരുത്തുന്ന തരത്തിലാണ് ബാറ്റേന്തിയത്.

കളിയില്‍ 73 പന്ത് നേരിട്ട പന്ത് 103 റണ്‍സ് നേടി. ഇതില്‍ ഒമ്പത് ഫോറും ആറു സിക്‌സറുകളും പന്തിന്റ ബാറ്റില്‍ നിന്ന് പിറന്നു. അവസാന ഓവറില്‍ മാത്രം 22 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. അതില്‍ മാത്രം നാല് ഫോറും ഒരു സിക്‌സറും ഉണ്ടായിരുന്നു. മറ്റേ അറ്റത്ത് ക്ലാസ് ബാറ്റിങിലൂടെ സെഞ്ച്വറി നേടിയ ഹനുമ വിഹാരിയും രണ്ടാം ദിനത്തെ ആഘോഷമാക്കി.